1. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024-25 സാമ്പത്തിക വർഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തിൽ താൽപരരായിട്ടുള്ള സ്കൂളുകൾ, കോളേജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ജൈവവൈവിധ്യ സെമിനാർ/ ശിൽപ്പശാല/ സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു സ്ഥാപനത്തിൽ നിന്ന് ഒരു പ്രൊപോസൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
2. സംസ്ഥാന മൃഗസംരക്ഷണ മന്ത്രിമാരുടെ ദേശീയ കോൺക്ലേവ് "മൺസൂൺ മീറ്റ് 2024" ഒഡീഷയിൽ സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 13 ന് ഭുവനേശ്വറിലെ ലോക സേവാഭവനിലെ കൺവെൻഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി "മുഖ്യാതിഥി" ആയി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രിമാരായ പ്രൊഫ. എസ്പി സിംഗ് ഭാഗേൽ, ശ്രീ ജോർജ് കുര്യൻ, 17 സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിമാർ എന്നിവരും മൺസൂൺ മീറ്റിൽ പങ്കെടുത്തു. ക്ഷീരമേഖല മെച്ചപ്പെടുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പ്, ഒഡീഷ ഗവൺമെൻ്റ് നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡ് (എൻഡിഡിബി), ഒഡീഷ സ്റ്റേറ്റ് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (ഒഎംഎഫ്ഇഡി) എന്നിവർ ചടങ്ങിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.
3. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ചില ജില്ലകളിൽ മാത്രമാണ് നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. വരുംദിവസങ്ങളിൽ പല ജില്ലകളിലും മഴ ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള കർണാടക ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ചില പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറേ അറബിക്കടൽ , തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയും നാളെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയുമുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
Share your comments