ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു.
മൂന്നു ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി എത്തിയ അദ്ദേഹം, അഗത്തി ദ്വീപിൽ മത്സ്യതൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. ലക്ഷദ്വീപിൻ്റെ മത്സ്യ ബന്ധന മേഖലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് വേണ്ട പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസുത്രണം ചെയ്തു വരുന്നത്. അതിനായി പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് താൻ ലക്ഷദ്വീപിലെത്തിയതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ലക്ഷദ്വീപ് നിവാസികളെ പ്രത്യേകിച്ച് സ്ത്രീകളെയും മത്സ്യത്തൊഴിലാളികളെയും ശാക്തീകരിക്കുക എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയുടെ ഭാഗമായി ഐസ് ബോക്സുകളും, ഓട്ടോ ക്യാരിയർ വണ്ടികളും മന്ത്രി മത്സ്യതൊഴിലാളികൾക്കായി അഗത്തി ദ്വീപിൽ വിതരണം ചെയ്തു. രാവിലെ ഓർണമെന്റൽ ഫിഷ് ഹാച്ചറി സന്ദർശിച്ച അദ്ദേഹം ഈ മേഖലയിൽ പരിശീലനം ലഭിച്ച വനിതകളുമായി കുടിക്കാഴ്ച്ച നടത്തി.
അന്താരാഷ്ട്ര വിപണന മൂല്യമുള്ള കടൽ പായൽ കൃഷിക്ക് ലക്ഷദ്വീപിലും അനന്ത സാദ്ധ്യതകളാണ് ഉള്ളതെന്നും ഈ മേഖലയിലെ വനിതാ സംരഭകർക്കായി കുടുതൽ ധനസഹായങ്ങൾ കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും ശ്രീ മുരുകൻ പറഞ്ഞു. വൈകുന്നേരം കവരത്തി ദ്വീപിലെത്തിയ അദേഹം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ ശ്രീ എ അൻബരസു ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.
നേരത്തെ അഗത്തി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ദ്വീപ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരിക്കുകയും, ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.
Share your comments