സ്നേഹമെന്താണെന്ന് നമ്മളെ പഠിപ്പിക്കുന്ന ലോകത്തിലെ എല്ലാ അമ്മമാരെയും ആദരിക്കുന്ന ദിവസമാണ് ഇന്ന് അതായത് ലോക മാതൃദിനം. നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ.
അമ്മയുടെ സ്നേഹത്തെ ഓർക്കാൻ പ്രത്യേക ഒരു ദിനം ആവശ്യമില്ലെങ്കിലും വർഷങ്ങളായി ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുന്നുണ്ട്. ഈ വർഷം മെയ് 8 ഞായറാഴ്ചയാണ് മാതൃ ദിനം. എല്ലാ ആഘോഷങ്ങളെ പോലെയും ആദ്യം മാതൃദിനം ആഘോഷിച്ചത് അമേരിക്കയാണ്.
അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നു പോകരുത്. എത്ര തിരക്കില്ലാണെങ്കിലും അമ്മമാരോട് സംസാരിക്കാൻ സമയം കണ്ടെത്തണം. അതിവേഗം ഓടികൊണ്ടിരിക്കുന്ന ഈ തലമുറയിൽ ആർക്കാണ് അമ്മയെ ഓർക്കാൻ നേരം? മക്കൾ ഭക്ഷണം കഴിച്ചോ എന്ന് തിരക്കുന്ന അമ്മമാരോട്, അവർ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴെങ്കിലും തിരക്കാറുണ്ടോ? സ്നേഹത്തോടെ അവരോട് കുറച്ച് നേരം സംസാരിക്കാൻ കഴിയാറുണ്ടോ? വാർദ്ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ അടുത്ത് ഉണ്ടാകണം എന്നാണ്. സ്വന്തം മക്കൾക്കായി അമ്മമാർ ചിലവാക്കിയ സമയത്തിനും കഷ്ടപ്പാടുകൾക്കും കണക്കില്ല.
എന്നാൽ വാർദ്ധക്യത്തിൽ മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അവർക്ക് അത് ലഭിക്കാറുമില്ല. ഇന്നത്തെ തലമുറയിൽ ആർക്കും അതിന് കഴിയാറില്ല എന്നതാണ് സത്യം. ഇതിന്റെ പ്രധാന കാരണം ജോലി തിരക്കുകളാണ്. ഈ മാതൃദിനത്തിൽ അവരെ സന്തോഷിപ്പിക്കാനായി ഒരു ചെറിയ സർപ്രൈസ് നൽകാം. ഇഷ്ട ഭക്ഷണമോ അല്ലെങ്കിൽ ഒരു ചെറിയ സമ്മാനമോ നൽകാം. അതിനും കഴിഞ്ഞില്ലെങ്കിൽ സ്നേഹത്തോടെ അൽപ്പ നേരം അവരോട് സംസാരിക്കാം. ഈ മാതൃദിനം അമ്മയ്ക്കൊപ്പം ആഘോഷിക്കൂ.
Share your comments