ആലപ്പുഴ: നെല്‍ കൃഷിയിലും പച്ചക്കറി കൃഷിയിലും മികച്ച നേട്ടം കൊയ്യുന്നതിനിടയില്‍ ഉള്ളികൃഷിയിലും പുതിയ പരീക്ഷണത്തിനൊരുങ്ങി മുഹമ്മ ഗ്രാമപഞ്ചായത്ത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറ്റെടുത്തു നടത്തുന്നത് യുവാക്കളുടെ കര്‍ഷക സംഘമാണ്.
പഞ്ചായത്ത് 16ആം വാര്‍ഡില്‍ നിന്നുള്ള 14 പേരടങ്ങുന്ന യുവ കര്‍ഷകരുടെ സംഘത്തില്‍ 18 മുതല്‍ 25 വയസ്സ് വരെയുള്ള യുവാക്കളാണുള്ളത്. സംഘത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒഴിവുസമയങ്ങള്‍ കണ്ടെത്തിയാണ് കൃഷി പരിപാലിക്കുന്നത്.
കഴിഞ്ഞവര്‍ഷം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നെല്‍കൃഷി ആരംഭിച്ചാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങിയത്. ഒരേക്കറില്‍ നെല്‍കൃഷി ചെയ്തു നേട്ടം കൊയ്തതിന് പിന്നാലെയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഉള്ളി കൃഷി ചെയ്യാന്‍ യുവാക്കള്‍ കടന്നു വന്നതെന്ന് കൃഷി ഓഫീസര്‍ രാഖി അലക്‌സ് പറഞ്ഞു.
നെല്‍ കൃഷിക്ക് ആവശ്യമായ കൂലിച്ചെലവ് സബ്‌സിഡി, വളം, വിത്ത് എന്നിവ കൃഷിവകുപ്പ് നല്‍കിയിരുന്നു. ഉള്ളി കൃഷിയ്ക്കും ഈ സഹായം കര്‍ഷകര്‍ക്ക് ലഭിക്കും. നെല്‍കൃഷി ചെയ്ത അതേ സ്ഥലത്ത് 30 സെന്റിലാണ് ഉള്ളി കൃഷി ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭ്യമാക്കിയ വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
ബാക്കിയുള്ള സ്ഥലത്ത് വെണ്ടയും പയറും ചീരയും ഉള്‍പ്പെടെ കൃഷി ചെയ്യാനാണ് പദ്ധതി.ഉള്ളി കൃഷിക്ക് പുറമേ തരിശുഭൂമിയില്‍ ഉഴുന്ന്, പയര്‍, വെള്ളരി തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുകയാണ് ഈ യുവ കര്‍ഷക സംഘം.
കൃഷി പരിപാലനം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നേരിട്ടും അല്ലാതെയും നല്‍കി കൃഷിവകുപ്പ് ഒപ്പമുണ്ട്. നെല്‍കൃഷിയിലും പച്ചക്കറിയിലും മികച്ച നേട്ടം കൊയ്തതിനു പിന്നാലെ ഉള്ളി കൃഷിയിലും നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കൃഷിവകുപ്പും എന്ന് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും കൃഷി ഓഫീസർ രാഖി അലക്സും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉള്ളിയുടെ അവശിഷ്ടങ്ങൾ കളയല്ലേ , നല്ല ജൈവ കീടനാശിനിയാക്കാം
Share your comments