<
  1. News

കുട്ടികളുടെ സംരക്ഷണത്തിനായി ആധുനിക സൗകര്യങ്ങളോടെ ശിശുക്ഷേമ സമിതിക്ക് പുതിയ മന്ദിരം

സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൂടുതൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിൽ പുതിയ ബഹുനില മന്ദിരം ഒരുങ്ങി. 18,000 ചതുരശ്രഅടി വിസ്തൃതിയിൽ ക്ലാസ് മുറി, കമ്പ്യൂട്ടർ റൂം, കളിസ്ഥലം, ലൈബ്രറി എന്നീ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള 80 ഓളം കുട്ടികളെ താമസിപ്പിച്ച് സംരക്ഷിക്കാൻ കഴിയുന്ന ബഹുനില മന്ദിരം തൈയ്ക്കാട് ശിശുക്ഷേമസമിതി ഓഫീസിനോടനുബന്ധിച്ച് പണിത് നൽകിയത് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനാണ്.

Meera Sandeep
കുട്ടികളുടെ സംരക്ഷണത്തിനായി ആധുനിക സൗകര്യങ്ങളോടെ ശിശുക്ഷേമ സമിതിക്ക്  പുതിയ മന്ദിരം
കുട്ടികളുടെ സംരക്ഷണത്തിനായി ആധുനിക സൗകര്യങ്ങളോടെ ശിശുക്ഷേമ സമിതിക്ക് പുതിയ മന്ദിരം

സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൂടുതൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിൽ പുതിയ ബഹുനില മന്ദിരം ഒരുങ്ങി.  18,000 ചതുരശ്രഅടി  വിസ്തൃതിയിൽ ക്ലാസ് മുറി, കമ്പ്യൂട്ടർ റൂം, കളിസ്ഥലം, ലൈബ്രറി എന്നീ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള 80 ഓളം കുട്ടികളെ താമസിപ്പിച്ച് സംരക്ഷിക്കാൻ കഴിയുന്ന ബഹുനില മന്ദിരം തൈയ്ക്കാട് ശിശുക്ഷേമസമിതി ഓഫീസിനോടനുബന്ധിച്ച് പണിത് നൽകിയത് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനാണ്. ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കുള്ള ഏറ്റവും മികച്ച പുതുവത്സര സമ്മാനമാണ് പുതിയ മന്ദിരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള, ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന്, അവർക്ക് വിദ്യാഭ്യാസം നൽകുന്നതിന്, തൊഴിൽ നൈപുണി ലഭ്യമാക്കുന്നതിന് മികച്ച സൗകര്യങ്ങൾ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളും ഉള്ള മന്ദിരം പണികഴിപ്പിച്ചു നൽകിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം.ഡി അദീബിനേയും അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മകളുമായ ഷഫീനയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കുട്ടികൾക്കായി ചെയ്യുന്നത് ഒന്നും അധികമാവില്ല എന്ന് തിരിച്ചറിഞ്ഞ്, തങ്ങളാൽ ആകാവുന്നത് ചെയ്യണമെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് അദീബിന്റേയും ഷഫീനയുടേയും പ്രവൃത്തി. സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കുന്ന ലുലു ഗ്രൂപ്പ് സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികളും ഏറ്റെടുക്കുന്നതിനെ അദ്ദേഹം പ്രശംസിച്ചു.

കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശിശു സൗഹൃദ നാടാണ് നമ്മുടെ ലക്ഷ്യം. ഒമ്പത് ജില്ലകളിൽ ശിശുക്ഷേമ സമിതിക്ക് കേന്ദ്രങ്ങളുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ ജില്ലകളിലും അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ചു അമ്മത്തൊട്ടിൽ ഏർപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികവുറ്റ ഒരു തലമുറയെ വാർത്തെടുക്കുന്ന പ്രവർത്തിയിലാണ് സംസ്ഥാനം. നമ്മുടെ നാടിന്റെ ഭാവി മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്.  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 66 അങ്കണവാടികളുടെ നിർമാണം ആരംഭിച്ചു. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി കോഴിക്കോട് ജില്ലയിൽ 142 അംഗനവാടികളിൽ അധിക സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തി നടന്നുവരുന്നു.  ശാസ്ത്രീയ രക്ഷാകർതൃത്വം പകർന്നു നൽകാനായി 158 പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.  കുട്ടികളുടെ ഹൃദയസംബന്ധമായ ചികിത്സ ഉറപ്പാക്കുന്നതിനായി 'ഹൃദ്യം' പദ്ധതിയിൽ ഉൾപ്പെടുത്തി 5041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി.

പോഷക ബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികളിലൂടെ പാലും മുട്ടയും വിതരണം ചെയ്യുന്നു. 61.5 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. കുട്ടികൾക്ക് മാനസിക പാഠങ്ങൾ പകർന്നു നൽകേണ്ട ചുമതല കൂടി ശിശുക്ഷേമ സമിതി ഏറ്റെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.  മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ പെടുന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചടങ്ങിൽ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ആരും സംരക്ഷിക്കാൻ ഇല്ലാത്ത, രക്ഷിതാക്കൾക്ക് സംരക്ഷണം നൽകാൻ കഴിയാത്ത കുരുന്നുകളെ സർക്കാർ പൂർണമായ അർത്ഥത്തിൽ ഏറ്റെടുത്ത് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന രീതിയിൽ വളർത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആൻറണി രാജു, അദീബ്, ഷഫീന, മേയർ ആര്യ രാജേന്ദ്രൻ, ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാൽ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,  ഡയറക്ടർ ജി പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.

English Summary: Multi-storied bldg for the Child Welfare Committee with modern facilities for children

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds