<
  1. News

ദേശീയ കൃഷിദിനം ഓർമ്മപ്പെടുത്തുന്നത്

മലനിരകളിൽ നിന്നും ഉദിച്ചുയരുന്ന പ്രഭാതസൂര്യൻറെ പശ്ചാത്തലം . അരയിൽ ഒറ്റത്തോർത്ത് , തലയിൽ പാളത്തൊപ്പി, ചുമലിൽ കലപ്പ ,മുന്നിൽ രണ്ട് കാളകളുമായി വയൽപ്പരപ്പിലേയ്‌ക്ക് നടന്നു നീങ്ങുന്ന മെലിഞ്ഞുണങ്ങിയ ആരോ ഒരാൾ .

ദിവാകരൻ ചോമ്പാല
ER
-ദിവാകരൻ ചോമ്പാല
ഡിസംബർ 23 .ഇന്ന് ദേശീയ കർഷക ദിനം
ഡിസംബർ 23 .ഇന്ന് ദേശീയ കർഷക ദിനം

ഡിസംബർ 23 .ഇന്ന് ദേശീയ കർഷക ദിനം

കേരളത്തിൽ കർഷക ദിനം ചിങ്ങമാസം ഒന്നാം തീയതിയാണെങ്കിലും ഇന്ത്യയിലാകെ ഇന്ന് ദേശീയ കർഷക ദിനമായി ആചരിക്കുന്നു .

കാർഷിക ദിനാചരണത്തിൻറെ പ്രാധാന്യമെന്ത് ?
ആരാണ് കർഷകൻ ?
മലനിരകളിൽ നിന്നും ഉദിച്ചുയരുന്ന പ്രഭാതസൂര്യൻറെ പശ്ചാത്തലം .
അരയിൽ ഒറ്റത്തോർത്ത് , തലയിൽ പാളത്തൊപ്പി, ചുമലിൽ കലപ്പ ,മുന്നിൽ രണ്ട് കാളകളുമായി വയൽപ്പരപ്പിലേയ്‌ക്ക് നടന്നു നീങ്ങുന്ന മെലിഞ്ഞുണങ്ങിയ ആരോ ഒരാൾ .
കുഞ്ഞുന്നാളിൽ കർഷകൻറെ ഓർമ്മച്ചിത്രം മനസ്സിൽ കോറിയിട്ടതങ്ങിനെ .
പത്തെഴുപത് വർഷങ്ങൾക്ക് മുമ്പ് ഏതോ കക്ഷിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും അതായിരുന്നു .കർഷകൻ .

കാലമേറെ കഴിഞ്ഞിട്ടും കർഷകനെന്നു കേട്ടാൽ ആദ്യം മനസ്സിലോടിയെത്തുന്നതും ഇതേ ചിത്രം തന്നെ .
കാലം മാറി .ഒപ്പം അവസ്ഥകളും ജീവിതക്രമവും സംസ്കാരവും .
ആരാണ് കർഷകൻ ?
ഉത്തരം ലളിതം .കാർഷിക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി .
അതുമല്ലെങ്കിൽ പ്രസ്തുത പ്രവർത്തനത്തിന് കൂലിക്കു നിയോഗിക്കുന്ന വ്യക്തി .
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കൃഷിയും അനുബന്ധ മേഖലകളുമായി നിരന്തരം ബന്ധപ്പെടുന്ന വ്യക്തി .
കർഷകൻ എന്ന ആധുനിക നിർവ്വചനം തിരുത്തി വായിക്കേണ്ടതിങ്ങനെ .
''കർഷകരാണ് യഥാർത്ഥ കൃഷിശാസ്ത്രജ്ഞർ !
കർഷകൻ സ്വന്തം മണ്ണിൽ പരീക്ഷിച്ച് വിജയിച്ച സാങ്കേതിക വിദ്യയേക്കാൾ വലുതായി മറ്റൊന്നില്ല .''
--സീറോ ബജറ്റ് നാച്വറൽ ഫാമിംഗിൻറെ ഉപജ്ഞാതാവ് സുഭാഷ് പലേക്കറിൻറെ നിർവ്വചനം കൂട്ടിവായിക്കാം .

വെർമി കമ്പോസ്റ്റോ ജൈവവളങ്ങളോ യന്ത്രങ്ങളോ കീടനാശിനി പ്രയോഗങ്ങളോ ഒന്നും ആവശ്യമില്ലാതെ ജൈവ സാങ്കേതിക വിദ്യ മാത്രമുപയോഗിച്ച് ഒരു പശുവിൻറെ ചാണകം കൊണ്ട് 30 ഏക്കറിൽ കൃഷിനടത്താമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു .

കാർഷിക വിഭവങ്ങൾ , മറ്റ് വനവിഭവങ്ങൾ തുടങ്ങിയവയിൽ അധിഷ്ഠിതമായിരുന്ന സമ്പദ്ഘടനയും സംസ്‌കാരവുമായിരുന്നു കേരളത്തിനുണ്ടായിരുന്നതെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു .
മുഖ്യമായും നെൽകൃഷിയെ ആശ്രയിച്ചുള്ള ജീവിത ക്രമമായിരുന്നു പ്രാചീന കേരളത്തിൻറെ ജീവിത സംസ്‌കാരം എന്ന്തന്നെ വേണം കരുതാൻ .
ഏകദേശം പന്ത്രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്തന്നെ ലോകത്തിൻെറ വിവിധഭാഗങ്ങളിൽ ഗോതമ്പ് ,ബാർലി തുടങ്ങിയ ധാന്യങ്ങൾ കൃഷി ചെയ്‌തിരുന്നതായാണറിവ് .
ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷിക മേഖലകളിൽ വ്യാപൃതരായവർ . നെൽകൃഷിയായിരുന്നു ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ ധാന്യ വിള .
മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി ആദ്യം ഉപയോഗിച്ച വിളകള്‍ ധാന്യവര്‍ഗങ്ങൾ .
ഏറെക്കാലം മുമ്പ് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിച്ചത് കേരളത്തിലായിരുന്നു . മാത്രവുമല്ല ആ കാലയളവിൽ ഇവിടുത്തെ പച്ചക്കറികളും ധാന്യങ്ങളും കേരളത്തിൽ നിന്നും മറ്റു നാടുകളിലേയ്ക്ക് കയറ്റുമതി ചെയ്‌തതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .

''വയൽ നാട് '' എന്ന വയനാട് .കേരളത്തിൻറെ നെല്ലറ.
വൈവിധ്യസമ്പൂർണ്ണമായ നിരവധി നെല്ലിനങ്ങളാൽ സമൃദ്ധവുമായിരുന്നു സഞ്ചാരികളുടെ പറുദീസയായി മാറിയ വയനാട് .
ഇവിടുത്തെ ആദിമ ജനവിഭാഗങ്ങളായ കുറിച്യരും കുറുമരുമായിരുന്നു വയനാട്ടിൽ നെൽകൃഷി വ്യാപകമായി ചെയ്‌തിരുന്നത്‌ .
ഇവരുടെ പൂർവ്വീകന്മാർ വയനാട്ടിലേയ്ക്ക് കുടിയേറുമ്പോൾ ചുറ്റുപാട് മുഴുവൻ നട്ടുച്ചക്കും ഇരുട്ട് വീണപോലുള്ള നിബിഡ വനങ്ങൾ .
വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണങ്ങൾ വേറെയും .ബാണാസുരമലകൾക്കു ചുറ്റും കുറിച്യർ സ്വന്തമായി ഊരുകളുണ്ടാക്കി .

കാട്ട് കനികൾ മാത്രം ഭക്ഷിച്ച് വിശപ്പടക്കാൻ കഴിയാതെ വന്നപ്പോൾ പട്ടിണിയിൽനിന്നും കരകയറാൻ നെല്ലിനൊപ്പം തിനയും ചാമയും പോലുള്ള ചെറുധാന്യങ്ങളും അവർ കൃഷി ചെയ്യാൻ തുടങ്ങി .
അന്ന് തുടങ്ങിയ കൃഷി അന്യം നിന്നു പോകാതെ വയനാട്ടിൽ ഇന്നും തുടരുന്നു.
ഔഷധ സുഗന്ധ നെൽവിത്തിനങ്ങൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഗുരുതരാവസ്ഥയെ വരെ ചെറുക്കാൻ കെൽപ്പുള്ള കൂടിയ കീടരോഗപ്രതിരോധശക്തിയുള്ള നെൽവിത്തിനങ്ങളടങ്ങുന്ന നൂറിലധികം നെല്ലിനങ്ങളുടെ കലവറയായിരുന്ന വയനാട്ടിൽ ഇന്ന് അവശേഷിക്കുന്നതാവട്ടെ നാലിലൊന്ന്‌ മാത്രം നെല്ലിനങ്ങൾ .ബാക്കിയെല്ലാം വിസ്‌മൃതിയിൽ .
കാലം മാറി .കഥ മാറി.
ഇന്ന് ഇത്തരം ഭക്ഷ്യ വസ്‌തുക്കൾ മറ്റിടങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നമ്മൾ എത്തി നിൽക്കുന്നു .
നമ്മുടെ കൃഷിയും കാർഷിക സംസ്ക്കാരവും ഏറെക്കുറെ അപ്രത്യക്ഷമായ നിലയിൽ അഥവാ വൃദ്ധിക്ഷയത്തിൽ .

ആരാണിതിനുത്തരവാധി?

കൃഷിയും അതോടനുബന്ധിച്ച കാർഷിക ജോലികളുടെ ക്രമാതീതമായ കൂലിച്ചിലവ് വർദ്ധനക്കും പുറമെ ഉപഭോഗ സംസ്ക്കാരത്തിൻറെ കടന്നു കയറ്റം വേറെയും .
ആവാസവ്യവസ്ഥകൾക്കും വ്യാവസായികാവശ്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കുമായി കൃഷി ഭൂമി ഉപയോഗിച്ചു തുടങ്ങിയതോടെ ഒട്ടുമുക്കാലാളുകളും കാർഷിക മേഖലകളിൽ നിന്നും പുറം തിരിഞ്ഞു നിൽക്കാനും അൽപ്പാൽപ്പമായി അകലം പാലിക്കാനും നിർബ്ബന്ധിതരായി എന്ന് പറയുന്നതാവും കൂടുതൽ ശരി .
ഈ നിലയിലും മണ്ണറിഞ്ഞുപണിയെടുക്കാനും കൃഷിയിൽ കൂടുതൽ താൽപ്പര്യവും സന്നദ്ധതയുമുള്ളവർ ഇല്ലാതെയുമല്ല .
'പല്ലുമുറിയെ തിന്നാനുള്ള' മുന്നൊരുക്കം എന്ന നിലയിൽ 'എല്ലുമുറിയെ പണിയെടുക്കാനും 'സന്മനസ്സുള്ളവർ ധാരാളം .
സ്വന്തമായി ഒരു ചവുട്ടടി മണ്ണു പോലുമില്ലാത്ത ഇവർ എവിടെപ്പോയി കൃഷി ചെയ്യും ?
അതേസമയം കാലാ കാലമായി വെട്ടും കിളയുമേൽക്കാതെ ,കൃഷിയിറക്കാതെ തീർത്തും തരിശിടങ്ങളായി പരന്നുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ഏക്കർ സ്ഥലം അനാഥമായ അവസ്ഥയിൽ .
ഈ സാഹചര്യത്തിലും പരിമിതമായ വീട്ടു മുറ്റത്തിനരികിലും മട്ടുപ്പാവിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിചെയ്‌തു വിളവെടുത്ത് വിപണിയിലെത്തുക്കുന്നവരുടെ എണ്ണവും തീരെ ചെറുതല്ല .
മാരാരിക്കുളത്തെ നിഷാദ് എന്ന ചെറുപ്പക്കാരൻ തന്നെ ഏറ്റവും നല്ല ഉദാഹരണം

'' നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ ''.

കൈയ്യൂക്കും ആൾബലവുമുപയോഗിച്ച് കിട്ടാവുന്നത്ര ഭൂമി വളച്ചുകെട്ടി സ്വന്തം അധീനത്തിലാക്കി സ്വയം സമ്പന്നരായി പ്രമാണികളായി മാറുകയും ചെയ്‌ത പ്രാകൃതവും നിന്ദ്യവുമായ നാടുവാഴി വ്യവസ്ഥക്കെതിരെ അധസ്ഥിത ജനവിഭാഗത്തിനെ പ്രധിനിധീകരിച്ചുകൊണ്ട് ഒ എൻ വി എഴുതിയ വരികളായിരുന്നു അത് .

കൃഷിഭൂമി കൃഷിക്കാരന്.

മാർക്സിയൻ പാരിസ്ഥിതിക വീക്ഷണമുൾക്കൊള്ളുന്ന വരികൾ ! .
'' എല്ലായിടത്തും കൃഷി ചെയ്യുക ,എല്ലാവരും കൃഷി ചെയ്യുക ".-അതാവണം പുതിയ മുദ്രാവാക്യം .
എന്നാൽ കൃഷിഭൂമി കൃഷിക്കാരനെന്ന ആശയം സഹസ്രാബ്ദങ്ങൾക്ക് മുമ്പുതന്നെ വിളംബരം ചെയ്തത്‌ ഇസ്ളാമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു .
വെട്ടും കിളയുമില്ലാതെ വരണ്ടുണങ്ങിയ മണ്ണിൽ മനുഷ്യ പ്രയത്നം നിക്ഷേപിക്കാതെ വിസ്‌തൃതമായ ഭൂപ്പരപ്പ് പാഴ് നിലങ്ങളായി തരിശിടുന്നത് ദൈവഹിതത്തിന് എതിരാണെന്നാണ് യഥാർത്ഥ മുസ്ലിം വിശ്വാസം .

അദ്ധ്വാനിക്കാനുള്ള സന്മനസ്സും ആരോഗ്യവും കൃഷിയിറക്കാൻ തയ്യാറുമുള്ള നിർധനർക്ക് അഥവാ പാവങ്ങൾക്ക് ഇത്തരം ഭൂമി ദാനം ചെയ്യണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നതെന്നതും ഏറെ ശ്രദ്ധേയം .
തുടർച്ചയായി മൂന്നുവർഷം കൃഷിയിറക്കാതെ തരിശ്‌ നിലമായിട്ടാൽ നിലം കൈവശം വെച്ച വ്യക്തിക്ക്‌ ആ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ട്ടപ്പെടുമെന്നതാണ് ഖിലാഫത്തിൻറെ നിഷ്‌കർഷയെന്നും അറിയുന്നു .
കഠിനാദ്ധ്വാനത്തിലൂടെ വിളവുകൊയ്യാനായി നൽകിയ ഭുമിയിൽ വാഗ്‌ദത്തലംഘനം നടത്തിയ ബിലാലുൽ മുസ്‌നി എന്ന ആളിൽനിന്നും ഭൂമി അർഹിക്കുന്നവർക്ക് തിരിച്ചേൽപ്പിക്കാൻ ഖലീഫ ഉത്തരവിട്ടതും കൂട്ടിവായിക്കേണ്ട ചില അറിവുകൾ.

പഴയകാലത്ത് കണ്ടുമറന്ന ഗ്രാമീണതയിലേക്ക് ,കാർഷിക സമൃദ്ധിയുടെ നിറവിലേയ്ക്ക് ,നന്മയിലേയ്‌ക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകാഴ്ച്ചകളിലേയ്ക്ക് ഒരു മടക്കയാത്ര ...

ചുറ്റുപാടും കുളിരോളം തല്ലുന്ന വിശാലമായ നെൽപ്പാടങ്ങൾ .
വടക്കേ വയൽ ,തെക്കേ വയൽ .തുണ്ടിവയൽ ,പള്ളിക്കുനിത്താഴ വയൽ ,മാടംവെച്ച വയൽ ,കുന്നമ്പത്ത് താഴ വയൽ ,ആറ്റോടിതാഴ വയൽ ,നാളോം വയൽ അങ്ങിനെ നീളുന്നു ഇവിടുത്തെ ഗ്രാമങ്ങളിലെ വയലുകൾ .

ഇന്നിവിടെ വന്നാൽ വയലുകൾ കാണാനില്ല .നെൽക്കതിരുകളും കാണാനില്ല .കൂട്ടം കൂടിപ്പറക്കുന്ന പച്ചത്തത്തകളും കാക്കപ്പൂവും വരിനെല്ലും ചീവീടുകളുടെ ശബ്‌ദവും എല്ലാം ഇല്ലാതായി .ഒപ്പം കൃഷിയറിവുകളും .
പകരം ചെറുതും വലുതും അതിലേറെ വലുതുമായ ബഹുനിലമാളികകളും കോൺക്രീറ്റ് കൂടാരങ്ങളുടെ നീണ്ട നിരതന്നെ യും കാണാം .
വിശാലമായ തോടുകൾ ഇടുങ്ങി ചുരുങ്ങി മെലിഞ്ഞുണങ്ങിയ ഓവുചാലുകളായി .
അവിടവിടെ ചിലേടങ്ങളിൽ പഴയകാല പ്രതാപത്തിൻറെ സ്‌മാരക ശിലകൾ പോലെ ചില്ലറ തുണ്ട് വയലുകൾ .കൃഷിയിറക്കാതെ അനാഥമായ നിലയിൽ പായൽ മൂടിക്കിടക്കുന്നു .
ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഓർമ്മകൾ .....

വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ .സ്വർണ്ണമുരുക്കി മിനുക്കിയെടുത്തപോലെ തിളങ്ങുന്ന നെൽക്കതിർക്കുലകൾ ഇളം കാറ്റിലാടുന്ന വിശാലമായ വയലിൻറെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്ന നട വരമ്പിലൂടെ നടന്നു കൊണ്ടുള്ള യാത്ര .
ഓർമ്മകളിൽ ഇന്നും നിറം പകരുന്നു .ദിവ്യമായ ഒരനുഭൂതി പോലെ.
കൊയ്ത്തുകാലമായാൽ തലയിൽ കറ്റക്കെട്ടുകളുമായി നടന്നുപോകുന്ന സ്ത്രീകൾക്ക് വഴിമാറിക്കൊടുക്കാൻ പോലും വീതിയില്ലാത്ത പാടവരമ്പുകൾ .
എത്ര കുനിഞ്ഞു കൊടുത്താലും അത്യാവശ്യം ചില്ലറ ചെളിയും വെള്ളവും ഇടക്ക് ഷർട്ടിലും മറ്റും വന്നു വീണെന്നും വരും .

ചിലകാലങ്ങളിൽ ഈണം മുറിയാത്ത നാട്ടിപ്പാട്ട് കേട്ടുകൊണ്ടാവും യാത്ര .
ഞാറു നടന്ന പെണ്ണുങ്ങളുടെ ഉന്മേഷത്തിൻറെ ഉണർത്തുപാട്ടുകളായ നാട്ടിപ്പാട്ട് പാടുന്ന ഇവിടുത്തെ നാട്ടുമങ്കമാർ അക്കാലത്തെ ഗ്രാമീണ സംസ്കൃതിയുടെ സൽകലാ ദേവതകളായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല തീർച്ച .
തലമുറകളിൽനിന്ന് തലമുറകളിലേയ്ക്ക് വരദാനം പോലെ പകർന്നുനൽകിയ വാമൊഴികളായിരുന്നു വടക്കേ മലബാറിലെ നാട്ടിപ്പാട്ടുകൾ .
തച്ചോളിമേപ്പയിലെ കുഞ്ഞി ഒതേനൻ , മതിലേരി കന്നി ,ആറ്റും മണമ്മേലെ ഉണ്ണിയാർച്ച അങ്ങിനെ നീളുന്നു വടക്കൻ പാട്ടുകാരൻറെ പെരുമ .


'' വന്നുതുടങ്ങി ജഘന ഭരാലാസ മന്ദഗമനകൾ ഗ്രാമശ്രീകൾ ''.
കടത്തനാടിൻറെ അതിശക്തമായ സ്ത്രീസാന്നിദ്ധ്യവും കവിയുമായിരുന്ന കടത്തനാട്ട് മാധവി അമ്മ അക്ഷരങ്ങൾ കൊണ്ട് വരച്ചിട്ട അക്കാലത്തെ ഗ്രാമശ്രീകളായ കർഷക സ്ത്രീകളുടെ ചിത്രമങ്ങിനെ.
" ചേർക്കുണ്ടിൽ താഴ്ത്തുമീത്തൂവിരൽ തുമ്പത്രേ
നാട്ടിൻറെ നന്മകൾ നെയ്തെടുപ്പൂ.... ".
കർഷകദിനത്തിൽ മാധവി അമ്മയുടെ മറ്റു ചില വരികൾ കൂടി ...

കാലഹരണപ്പെട്ടതാണെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട ചില കടത്തനാടൻ ഗ്രാമങ്ങളിലെ നാട്ടുഭാഷാ പ്രയോഗങ്ങൾ കൂടി ഓർമ്മയിൽ ഓടിയെത്തുന്നു .
കട്ടക്കോൽ ,ഒരോറ് മൂരി ,കണ്ടം ഒയാക്കൽ ,മൂരിക്ക് മ്ഈത്ത് കോട്ട കെട്ടിയ പോലെ ,ഏളേനെ തെളിക്കൽ .കറ്റക്കൊട്ട ,കാറ്റോല , പിരിയോല ,തലാട് അരിയുക ,തൂളി പാറ്റുക , കുരിയൽ നിറച്ച് പതം ,താപ്പിടി പെറുക്കുക , ഉപ്പോര് .പുല്ലുതക്കൽ . പുല്ലേരി ,പുന്നെല്ല് ,പുത്തരി ....
അങ്ങിനെ നീളുന്ന ഒരുകൂട്ടം വടക്കൻ പദപ്രയോഗങ്ങൾ ന്യുജെൻ തലമുറക്കാർക്കറിയാവണ്ണം തീർത്തും വിസ്‌മൃതിയിലാണ്ടുകഴിഞ്ഞു .

വയലിൽ മൂരിവെക്കുന്ന എന്ന പ്രയോഗം മാറി. പഴയ കാലത്തെ മൂരിക്കാരൻറെ സ്ഥാനം പവർട്രില്ലറുകൾ ഏറ്റെടുത്തു കഴിഞ്ഞു .
ജലസമൃദ്ധവും ജൈവസമ്പുഷ്ടവുമായ വയലിടങ്ങളിൽ മണ്ണിളക്കി ചെളി കലക്കി വയൽ നിരപ്പാക്കൽ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഈ ആധുനിക യന്ത്രം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

പാരിസ്ഥിതിക പഠനങ്ങളുടെയും പ്രാദേശികമായി ലഭിക്കുന്ന നാട്ടറിവുകളുടെയും പിൻബലമില്ലാതെ ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ നടപ്പിലാക്കിയ ചില വികസനപ്രവർത്തനങ്ങൾ ഗുരുതരമായതോതിൽ കൃഷി നാശം സഭവിക്കുന്നതായും ജീവിതം വഴി മുട്ടി നിന്ന കൃഷിത്തൊഴിലാളികൾ നിർമ്മാണമേഖലകളിലേക്കും മറ്റിടങ്ങളിലേയ്ക്കും ചേക്കേറുന്നതായും സമീപകാല വാർത്തകൾ .ഉദാഹരണം കാട്ടാമ്പള്ളി റെഗുലേറ്റർ പദ്ധതി.

നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരം തിരിച്ചു പിടിക്കുക, എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷിയിറക്കുക അതാവട്ടെ ഈ കര്‍ഷക കര്‍ഷകദിനത്തിൻറെ സന്ദേശം.
പോയ കാലത്തെ കാർഷിക സംസ്‌കാരത്തിൻറെ നന്മകളിലേയ്ക്ക് ഒരു മടക്കയാത്ര അനിവാര്യം എന്ന് പറഞ്ഞാൽ തെറ്റാവുമോ ?

കർഷകസമരങ്ങളൂം കാർഷിക മുന്നേറ്റങ്ങളും ! ഒരു തിരിഞ്ഞുനോട്ടം
കുടികിടപ്പ് ഭൂമിയിൽ ഉടമസ്ഥാവകാശം .
കുടികിടപ്പുകാർക്ക് പഞ്ചായത്ത് പ്രവിശ്യകളിൽ 10 സെൻറ് , മുൻസിപ്പാലിറ്റിഏരിയയിൽ 5 സെൻറ് ,കോർപ്പറേഷൻ ഭാഗങ്ങളിൽ 3 സെൻറ് വീതം കുടികിടപ്പ് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചു .
ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ .

1887 ൽ മലബാർ കുഴിക്കൂർ ചമയ നിയമം പാസ്സാക്കി .
കർഷക പ്രസ്ഥാനത്തിന് സംഘടിത രൂപമുണ്ടായത് മൂലം കുടിയാൻ ഭൂമിയിൽ ഉണ്ടാക്കുന്ന ചമയങ്ങൾക്ക് അർഹിക്കുന്ന വില കിട്ടുമെന്ന് ഉറപ്പായി .
ഒരുകുടിയാനെ കോടതി മുഖേനെയല്ലാതെ കുടിയൊഴിപ്പിക്കാൻ പറ്റില്ലെന്ന് നിയമഭേദഗതിയും നടപ്പിലായി .

കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴിൽസമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ ട്രേഡ് യൂനിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്.
കേരളത്തിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചാണ് അയ്യൻകാളി സമരം നടത്തിയത്.

നിസ്സാഹയ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മലബാറിൽ ശാക്തീകരണം നേടിയ 1921 കാലയളവിൽ .1921 ലെ മലബാര്‍ കലാപം.
അത് വെറുമൊരു ഹിന്ദു മുസ്ലീം സംഘര്‍ഷമായിരുന്നില്ല.

മറിച്ച് അധികാരി -ജന്മി വിഭാഗത്തിനെതിരെ ഒരു വിഭാഗം നടത്തിയ ധീരമായ സമര പോരാട്ടവും കൂടിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .
ബ്രിട്ടീഷ് വാഴ്‌ച്ചക്കെതിരെ ധീരമായി പൊരുതിയ സ്വാതന്ത്രസമരസേനാനി വാരിയങ്കുന്നത്ത് കുഞ്ഞി അഹമ്മദ്‌ ഹാജിയെപ്പോലുള്ളവർ ഈ കാലഘട്ടത്തിലെ ചരിത്രപുരുഷന്മാർ .
1936 ൽ ലഖ്നോവിൽ വെച്ച് അഖിലേന്ത്യ കിസാൻ സഭ രൂപീകരണം .
കൊളോണിയല്‍ ചൂഷകശക്തികളില്‍നിന്നും ജന്മിത്വത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യത്തിനും കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഖിലേന്ത്യ കിസാന്‍സഭ രൂപം കൊണ്ടത്.
1937 ൽ കേരളത്തിൽ അഖില മലബാർ കർഷകസംഘം രൂപീകരണം .
സ്വാതന്ത്ര്യസമര കാലത്തു മലബാറിലെ കർഷകർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്കു് പരിഹാരം കാണാനായി രൂപീകരിച്ച സംഘടനയാണു് അഖില മലബാർ കർഷക സംഘം.
1937 നവംബറിൽ പറശ്ശിനിക്കടവിൽ വെച്ചു നടന്ന ജനശ്രദ്ധ പിടിച്ചുപറ്റിയ കർഷക സമ്മേളനത്തിലാണ്
അഖില മലബാർ കർഷക സംഘം എന്ന സംഘം രൂപീകൃതമായത് .
1940 ൽ കൊച്ചികർഷക സഭ .1943 ൽ തിരുവിതാംകൂർ കർഷക സംഘ രൂപീകരണം .
1946 മുതൽ 1951 വരെ നീണ്ടുനിന്ന തെലുങ്കാന സമരം .
ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ കർഷക മുന്നേറ്റമാണിതെന്നു പറയാം .
തെലുങ്കാന സമരം.

ദേശ്‌മുഖ് മാരും നവാബ് മാരും തെലുങ്കാനയിലെ കർഷകർക്ക് നേരെ നടത്തിയ കൊടും ചൂഷണങ്ങൾക്കെതിരെ കലപ്പയേന്തിയ കൈകളിൽ ആയുധമെടുക്കാൻവരെ കർഷകർ നിർബ്ബന്ധിതരായി .
നൈസാമിൻെയും ഭൂപ്രഭുക്കന്മാരുടെയും സായുധ ശക്തിക്കെതിരെ മാത്രമല്ല പൊറുതിമുട്ടിയ കർഷകർ ഇന്ത്യൻ പട്ടാളത്തിൻറെ നേർക്കുവരെ ചെറുത്തുനിൽപ്പുമായി മുന്നേറി .
ഭാരതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന കർഷക സമരവും ഇതുതന്നെ.
1947 ൽ കിസാൻ സഭക്ക് കീഴിൽ പടക്കിറങ്ങിയത് അയ്യായിരം ഗറില്ലകൾ .
38850 ചതുരശ്ര കിലോമീററ്റർ പ്രദേശത്ത് കാർഷിക സോവിയറ്റ്‌ ഭരണം സ്ഥാപിച്ചു .
1956 നവംബർ 1 ന് ഐക്യ കേരള സംസ്ഥാനം നിലവിൽ വന്നു
1959 ജൂൺ 10 ന് ജന്മിത്വം നിയമപരമായിത്തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് ‌ ഭൂപരിഷ്കരണ നിയമം പാസ്സായി .

സംസ്ഥാനത്ത് ജന്മിത്വ സമ്പ്രദായത്തിൻെ അടിവേരറുത്തത് 1969 ൽ .
അതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകരിൽ നിക്ഷിപ്‌തമായി .
1974‑ലെ കേരള കർഷകത്തൊഴിലാളി നിയമം .ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമം വഴി സാധിച്ചു.

1987 സെപ്‌തംബർ ഒന്നിന് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രാബല്യത്തിൽ വന്നു .

കയ്യൂർ സമരം.
ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം.

തങ്ങളുടെ വിളകൾക്ക് ഒരു താങ്ങുവില നിശ്ചയിക്കുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കു നിർത്തുക, കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കുക എന്നതായിരുന്നു കർഷകരുടെ ആവശ്യങ്ങൾ.
1949ഡിസംബർ 30 നു് നടന്ന കാവുമ്പായി കാർഷിക കലാപം .
കൃഷി ഭൂമിക്ക് വേണ്ടി നടന്ന രക്തരൂഷിത സമരക്കാഴ്ചകളിൽ ഏറെശ്രദ്ധേയമായതായിരുന്നു .
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരം ഗ്രാമ പഞ്ചായത്തിലെ കാവുമ്പായി ഗ്രാമത്തിൽ നടന്ന കാർഷിക കലാപം.

കരിവെള്ളൂർ സമരം -1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടത്തിയ ഒരു ഐതിഹാസികമായ കർഷക സമരമായിരുന്നു കരിവെള്ളൂർ നടന്നത് .
1946 ഡിസംബർ 20 ന് നടന്ന പോലീസ് വെടിവെപ്പിൽ ഇവിടെ മൂന്നു കർഷകർ മരിച്ചു.
കർഷകർ നേരിടുന്ന സമീപകാല ദുരന്തങ്ങൾ !

കേന്ദ്രസർക്കാർ കഴിഞ്ഞ ജൂണിൽ കൊണ്ടുവന്നതാണ് കാർഷിക പരിഷ്കരണ ഓർഡിനൻസ്സും കാർഷിക പരിഷ്ക്കരണ നിയമങ്ങളും .
പഞ്ചാബിലെ യും ഹരിയാനയിലേയും ലക്ഷക്കണക്കിന് കർഷകരിൽ അതിശക്തമായ ആശങ്കയും അതിലേറെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധവും സമരാവേശവും ഭാരത് ബന്ദിൽ വരെ എത്തിനിൽക്കുന്നതായി സമീപകാലവർത്തകൾ സാക്ഷ്യപ്പെടുത്തുന്നു .
അനുരജ്ഞനത്തിലൊതുങ്ങാതെ അനിശ്ചിതത്വത്തിലൂടെ രാജ്യം കടന്നുപോകുന്ന അവസ്ഥ .
ഭാരതം കണ്ട ഏറ്റവും കരുത്തുള്ള കർഷക പ്രക്ഷോഭ ത്തിന്റെ മുഖ്യ അമരക്കാരനായി പ്രവർത്തിക്കുന്നത് രാജ്യത്തെ മുതിർന്ന കർഷക നേതാവും രാഷട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനറുമായ ശിവ് കുമാർ കാക്കാജി .
താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക പ്രക്ഷോഭക്കാർ .

കർഷകരെ സ്വകാര്യ മേഖലയുടെ ചൂഷണത്തിലേയ്ക്ക് എറിഞ്ഞുകൊടുക്കാൻ സാദ്ധ്യതയുള്ള വ്യവസ്ഥകളാണ് നിയമങ്ങളിലുള്ളതെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റയിൽ ഉപരോധം പോലുള്ള പോലുമുള്ള സമരമുറകളിലേയ്ക്ക് പ്രതിഷേധം കടുപ്പിക്കുന്നതിനു പുറമെ റിലയൻസിനെയും അദാനിയേയും ബഹിഷ്ക്കരിക്കുമെന്ന നിലപാടിൽവരെ സമരക്കാർഎത്തിനിൽക്കുന്നതായുമാണ് സമീപ ദിവസങ്ങളിലെ വാർത്തകൾ വ്യക്തമാക്കുന്നത് .
മാറ്റം പ്രകൃതിയുടെ നിയമമാണ് .ശുഭകരമായ മാറ്റമുണ്ടാകുമെങ്കിൽ ഏറെ നല്ലത് .
കടത്തനാടിൻറെ ഗ്രാമീണ കവി കൂടിയായ കടത്തനാട്ട് മാധവി അമ്മയുടെ വരികൾ ഒരിക്കൽ കൂടി -
" ചേർക്കുണ്ടിൽ താഴ്ത്തുമീത്തൂവിരൽ തുമ്പത്രേ
നാട്ടിൻറെ നന്മകൾ നെയ്തെടുപ്പൂ.... ".
ആ നന്മയുടെ നേർക്ക് ആര് വിരൽ ചൂണ്ടിയാലും കർഷകർ പൊറുക്കില്ല തീർച്ച .
ചരിത്രം സാക്ഷ്യപ്പെടുത്തുന്നതുമങ്ങിനെ .
https://kavyamsugeyam.blogspot.com/2008/12/blog-post.html?m=0

https://www.youtube.com/watch?v=-_CO5EivNPE

English Summary: NATIONAL KISAN DIVAS

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds