പുതുസംരംഭങ്ങൾവഴി കുടുംബശ്രീയെ ആധുനികീകരിക്കുമെന്നും ദാരിദ്ര്യനിർമാർജനം മാത്രമല്ല, വരുമാനം വർധിപ്പിക്കുയെന്നതുമാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്നും മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ ദേശീയ സരസ് മേള കൊല്ലം ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ ആർക്കും അവഗണിക്കാനാകാത്ത മാതൃകയായി കുടുംബശ്രീ മാറി. 46 ലക്ഷം അംഗങ്ങളുള്ള മറ്റൊരു സ്ത്രീക്കൂട്ടായ്മ എവിടെയെങ്കിലുമുണ്ടോയെന്നു സംശയമാണ്. വിദ്യാസമ്പന്നരായ മൂന്നുലക്ഷം പേർകൂടി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായതോടെ വിജ്ഞാനധിഷ്ഠിത സാമ്പത്തികമേഖലയിലേക്കും കടക്കാനാകും. വിമാനത്താവളത്തിലും കൊച്ചി മെട്രോയിലും കുടുംബശ്രീയുടെ വിൽപ്പനശാലകൾ തുറന്നു. അത്തരത്തിൽ കുടുംബശ്രീക്ക് പറന്നുയരാൻ ചിറകുകൾ ലഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ ദൗത്യം കാലത്തിനനുസരിച്ചു പുനർനിർവചിക്കണം. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാനുള്ള ലക്ഷ്യം കുടുംബശ്രീ ഏറ്റെടുക്കണം. പുതിയസംരംഭങ്ങൾ ആരംഭിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.
പ്രദർശനമേളയുടെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എ യും കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്കോർട്ടിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റും നിർവഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ, എം.പി., എം.എൽ.എ.മാരായ എം.നൗഷാദ്, സുജിത് വിജയൻ പിള്ള, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, കളക്ടർ അഫ്സാന പർവീൺ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുത്തു.
Share your comments