എറണാകുളം: പെൺ കരുത്തിന്റെ പ്രകാശം പരത്തി ദേശീയ സരസ് മേളയിൽ ശ്രദ്ധ നേടി കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ സൺലൈറ്റ് സപ്ലൈ എൽഇഡി യൂണിറ്റ്. കുടുംബശ്രീ പ്രവർത്തകരായ വിഎസ് രാജലക്ഷ്മി, ആർ. അഞ്ചു, ഹരിത കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ സരസ് മേളയിൽ എൽഇഡി യൂണിറ്റ് പ്രകാശം പരത്തുന്നത്.
ഒമ്പത്, 12, 16, 24 വാട്ടുകളിലുള്ള എൽഇഡി ബൾബുകൾ, ഇൻവർട്ടർ ബൾബ്, ട്യൂബ്, മാല ബൾബ്, ടേബിൾ ലാമ്പ് തുടങ്ങി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ലാഭകരമായ വ്യത്യസ്തയിനം ഉൽപ്പന്നങ്ങളുമായാണ് വനിതാ സംരംഭകർ മേളയിൽ എത്തിയിരിക്കുന്നത്. ഇവയോടൊപ്പം വീടുകളിൽ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാവുന്ന നിരവധി ഉൽപ്പന്നങ്ങളും സ്വന്തം കരവിരുതിൽ തയ്യാറാക്കി മേളയിൽ എത്തിച്ചിട്ടുണ്ട്. 25 രൂപ മുതൽ 300 രൂപ വരെ നിരക്കിലാണ് ബൾബുകൾ വില്പന നടത്തുന്നത്. ഒരു വർഷത്തെ വാറണ്ടിയും ഉറപ്പു നൽകുന്നുണ്ട്.
സ്വന്തമായി നിർമ്മിച്ച എൽഇഡി ഉൽപ്പന്നങ്ങളുമായാണ് മേളയിൽ എത്തിയതെങ്കിലും കൊല്ലത്ത് നടത്തുന്ന സ്ഥാപനത്തിൽ കേടായ എൽഇഡി ബൾബുകളുടെ സർവീസിങ്ങും ഇവർ ചെയ്യുന്നുണ്ട്. 35 രൂപ മുതലാണ് സർവീസ് ചെയ്ത് എൽഇഡി ബൾബുകൾ വീണ്ടും വിൽപ്പന നടത്തുന്നത്.
കുടുംബശ്രീയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് സ്വന്തമായി യൂണിറ്റ് ആരംഭിച്ചത്. സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ വളരെ വ്യത്യസ്തമായി എന്തെങ്കിലും സംരംഭം ആയിരിക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് എൽഇഡി ബൾബ് നിർമ്മാണ, സർവീസിങ് രംഗത്തേക്ക് ഇവർ എത്തിയത്. ഒരു വർഷം മുമ്പാണ് സംരംഭം ആരംഭിച്ചത്.
മികച്ച പിന്തുണയാണ് കൊച്ചി സരസ് മേളയിൽ നിന്നും ബൾബുകൾക്ക് ലഭിക്കുന്നത്. സരസ് മേളയ്ക്ക് ശേഷവും ആവശ്യക്കാർക്ക് 9847652537 എന്ന നമ്പറിൽ വിളിച്ചാൽ സൺലൈറ്റ് സപ്ലൈ എൽ ഇ ഡി യൂണിറ്റിൽ നിന്നും ബൾബുകൾ ഓർഡർ ചെയ്യാവുന്നതാണ്.
Share your comments