ഹരിത കേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പൂർണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന് പഞ്ചായത്തുകൾ പൂർണ സഹകരണം നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അടുത്ത വർഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടൺ നാടൻ പച്ചക്കറി ഉത്പാദനം. നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടർ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെൽക്കൃഷിയും പച്ചക്കറി ഉത്പാദനവും വർധിപ്പിക്കുന്നതിനുള്ള വിപുലമായ കർമ പദ്ധതി തയാറാക്കുന്നത്. ശില്‍പ്പശാലയില്‍ കാർഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിർദേശങ്ങൾ കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു.
പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ അടങ്ങിയ കിറ്റുകൾ, പച്ചക്കറി തൈകൾ, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകും. വിദ്യാർഥികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്കു കൂടുതൽ പ്രോത്സാഹനം നൽകും. കുടുംബശ്രീ പ്രവർത്തകർക്ക് ജൈവ കംപോസ്റ്റ് നിർമാണത്തിൽ പരിശീലനം നൽകും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആൻഡ് ലേബലിങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കും. പച്ചക്കറി രംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉത്പന്നങ്ങൾ ഗുണഭോക്താക്കൾക്കു നൽകുകയാണു ലക്ഷ്യം.
തരിശു നിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെൽക്കൃഷി തുടങ്ങും.
ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങൾക്ക് ഡിസംബർ എട്ടിന് തുടക്കമാകും. ശിൽപ്പശാലയിൽ നീർത്തട പ്ലാൻ അംഗീകരിക്കൽ, ഗ്രാമ, ബ്ലോക്ക് തല സാങ്കേതിക സമിതി സജീവമാക്കൽ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ നിർവഹിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.
Share your comments