മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ സാധ്യമാകുന്ന നവജീവൻ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാതെ 50 നും 65 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി ആണ് പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്.
നവജീവൻ പദ്ധതിയിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന് രാവിലെ 11ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡെവലപ്മെൻറ് സെൻറർ വെച്ച് തുടക്കം കുറിക്കും.
ആദ്യഘട്ടത്തിൽ കേരള ബാങ്ക് മുഖേന വായ്പ ലഭ്യമായ 3 പേർക്കുള്ള ധനസഹായമാണ് വിതരണം ചെയ്യുന്നത്. പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇതുവരെ ആയിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. ജില്ലാതല സമിതി അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് വായ്പ വിതരണം പൂർത്തിയാകും. അർഹരായവർക്ക് സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് സബ്സിഡിയോടെ ആണ് വായ്പ നൽകുന്നത്.
വിവിധമേഖലകളിൽ പ്രാവീണ്യം ഉള്ള മുതിർന്ന പൗരന്മാരുടെ അറിവും അനുഭവസമ്പത്തും സമൂഹനന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നത് നവജീവൻ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന് ഈ മേഖലയിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകൾ, കെ എസ് എഫ് ഇ,ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് സ്വയംതൊഴിൽ വായ്പ ലഭ്യമാകുന്നത്. 50 നും 65 നും ഇടയിൽ പ്രായമുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യത്തവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്ന വർഷത്തിലെ ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായ പരിധി നിശ്ചയിക്കുക. യഥാസമയം രജിസ്ട്രേഷൻ പുതുക്കി കൊണ്ടിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ബാങ്ക് മുഖേന 50,000 രൂപയാണ് വായ്പ അനുവദിക്കുക. പരമാവധി 12,500 രൂപയായിരിക്കും സബ്സിഡി. വിധവകൾ ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കാറ്ററിങ്, പലചരക്ക് കട, വസ്ത്രം- റെഡിമെയ്ഡ് ഷോപ്പ്, കുട നിർമ്മാണം, ഓട്ടോമൊബൈൽ, സ്പെയർ പാർട്സ് ഷോപ്പ്,മെഴുകുതിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ഡിടിപി, തയ്യൽകട ഇൻറർനെറ്റ് കഫേ പ്രാദേശികമായി വിജയസാധ്യതയുള്ള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങൾക്കാണ് മുൻഗണന. താല്പര്യമുള്ളവർ റേഷൻ കാർഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് അപേക്ഷിക്കാം. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ക്കും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് പുതുക്കാൻ സാധിക്കാതെ ഇരിക്കുന്നവർക്കും വീണ്ടും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർചെയ്ത് അപേക്ഷിക്കാം
Share your comments