തിരുവനന്തപുരം: മാമ്പഴ ഉൽപാദനവും, വിപണനവും ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന ബഹുവർഷ പദ്ധതിയായ മാമ്പഴ സമൃദ്ധി-മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണം വാർഡിലെ പേഴുംമൂടിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത അര ഏക്കർ സ്ഥലത്ത് കോട്ടുകോണം മാവിൻ തൈ നട്ട് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, പദ്ധതി ഉദ്ഘാടനം ചെയ്തു.
കൃഷിസ്ഥലങ്ങളിലെ വന്യമൃഗശല്യം കണക്കിലെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കൃഷി ലാഭകരമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങൾ അധികം നശിപ്പിക്കാത്ത മഞ്ഞൾ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മാവിൻ തൈകളും, കുറിയ ഇനം തെങ്ങിൻ തൈകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കരകുളം, വെമ്പായം, ആനാട്, പനവൂർ, അരുവിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ തരിശ് സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലെ സാധ്യമായ സ്ഥലങ്ങളിലും, മറ്റു കൃഷിയിടങ്ങളിലും മികച്ചയിനം മാവിൻ തൈകൾ ശാസ്ത്രീയമായി 'ഹൈഡെൻസിറ്റി പ്ലാന്റിങ്' മാതൃകയിൽ നട്ടുപരിപാലിക്കുന്ന നൂതന പദ്ധതിയാണ് മാമ്പഴ സമൃദ്ധി.
ഓരോ പഞ്ചായത്തുകളിൽ നിന്നും രണ്ടര ഹെക്ടർ എന്ന രീതിയിൽ 12.5 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൃഷിക്കായി ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി കണക്കാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് മാവിൻ തൈകളുടെ പരിപാലനം ഉറപ്പാക്കും. വീടുകളിൽ നടാനായി വിതരണം ചെയ്യുന്ന മാവിൻ തൈയ്ക്ക് 75 രൂപയും തെങ്ങിൻ തൈയ്ക്ക് 60 രൂപയുമാണ് വില ഈടാക്കുന്നത്. കൂടാതെ അഞ്ച് കിലോ ജൈവവളവും നൽകും.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വൈശാഖ്, കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സുനിൽ കുമാർ. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിലാൽ വി. ആർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ. ഡി. എ ചാരുമിത്രൻ. കെ, സെക്രട്ടറി സുരേഷ് കുമാർ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
Share your comments