എറണാകുളം: കുട്ടനാടൻ കൃഷി രീതിയിലൂടെ കാർഷിക പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്. അങ്കമാലി - മാഞ്ഞാലിത്തോടിന്‍റെ സമീപത്ത് പഞ്ചായത്തിലെ നാലു വാർഡുകളിലായി കാലങ്ങളായി തരിശായി കിടക്കുന്ന ആയിരമേക്കറോളം സ്ഥലമാണ് കുട്ടനാട്ടിലെ കർഷകരുടെ നേതൃത്വത്തിൽ കൃഷിക്കായ് ഒരുങ്ങുന്നത്. നെൽകൃഷിയുടെ ശാസ്ത്രീയ രീതികളും ക്രമീകരണങ്ങളും അടക്കും ചിട്ടയും കൃഷിയുടെ വിവിധ വശങ്ങളും പകർന്ന് നൽകി നെൽകൃഷി ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടനാട്ടിലെ അഞ്ച് പരമ്പരാഗത കർഷകരെയും നെൽകൃഷിയിൽ നൈപുണ്യരായ തൊഴിലാളികളെയും എത്തിച്ചിരിക്കുന്നത്. ആറ് ട്രാക്ടറുകളും പെട്ടികളും പറകളും അനുബന്ധ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി പഞ്ചായത്തിലെ ഒന്നാം വാർഡിലെ മള്ളുശ്ശേരി പറമ്പുശ്ശേരി വലിയ പാടശേഖരത്ത് 10 ഏക്കറോളം സ്ഥലത്ത് നിലമൊരുക്കി വിത്ത് വിതച്ചു. മൂന്നാം വാര്‍ഡിലെ മാഞ്ഞാലി തോടിന് സമീപത്തെ നടീലപ്പാടം, നാലാം വാര്‍ഡിലെ മനക്കപ്പുഞ്ച, രണ്ട്, 19 വാര്‍ഡുകളിലെ കതിരപ്പറപാടം എന്നിവയാണ് കുട്ടനാടൻ കൃഷിരീതി പരീക്ഷിക്കാൻ പ്രദേശവാസികളായ കർഷകർ വിട്ടുകൊടുത്തിട്ടുള്ള മറ്റ് പാടശേഖരങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: അധിക വരുമാനത്തിനായി ഈ കൃഷിരീതി ചെയ്യാം; 75% വരെ സര്‍ക്കാര്‍ സബ്‍സിഡിയുമുണ്ട്
നെൽകൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് കുട്ടനാടൻ കർഷകരുമായി നാല് പാടശേഖരങ്ങളിലെ നെല്ലുൽപ്പാദക സമിതികള്‍ ധാരണയിലും എത്തിയിട്ടുണ്ട്. അഞ്ച് വർഷത്തേക്കാണ് പാടശേഖരം കൃഷിക്കായി വിട്ടുനൽകിയിട്ടുള്ളത്. ആദ്യവർഷം തരിശുനിലമൊരുക്കുന്നതിന് സർക്കാർ അനുവദിച്ച തുക ഏക്കറിന് 2000 രൂപ വീതം ഭൂവുടമകള്‍ക്ക് നൽകും. കൂടാതെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും. രണ്ടാം വർഷം ഏക്കറിന് 3000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ ഏക്കറിന് 4000, 5000, 6000 രൂപ വീതം നൽകാനാണ് ധാരണ. അഞ്ചുവർഷം കഴിഞ്ഞ് പാടശേഖരം അതത് കർഷകന് അളന്ന് തിട്ടപ്പെടുത്തി വരമ്പ് നിർമിച്ച് കല്ലിട്ട് നൽകാനുമാണ് തീരുമാനം.
പാടശേഖരത്തിലേക്ക് കൃഷിക്കാവശ്യമായ വെള്ളം അങ്കമാലി-മാഞ്ഞാലി തോട്ടിൽ നിന്ന് പമ്പ് ചെയ്യാനും പാടശേഖരത്ത് അധികം വരുന്ന വെള്ളം മാഞ്ഞാലി തോട്ടിലേക്ക് പമ്പ് ചെയ്ത് കളയാനും കഴിയും വിധമാണ് പാടശേഖരം ഒരുക്കുന്നത്. കൃഷിക്കുള്ള വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടറുകളും കുട്ടനാടൻ കർഷകർ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ അതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കും.
Share your comments