ടിക്കറ്റ് ഓണ്‍ലൈനിലും
നീലക്കുറിഞ്ഞി കാണാന്‍ രാജമലയിലെത്തുന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനു വനംവകുപ്പിന്റെ പദ്ധതി ജൂലൈയില്‍ തുടങ്ങുമെന്നു മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു.
ബുക്കിങ് വെബ്‌സൈറ്റ് അടുത്ത മാസം അവസാനം നിലവില്‍ വരും. ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ 150 രൂപയാണ് നിരക്ക്. കൗണ്ടറില്‍ നിന്നുള്ള ടിക്കറ്റിന് 110 രൂപ. രാവിലെ ഏഴര മുതല്‍ വൈകിട്ടു നാലര വരെയാവും പ്രവേശനം. വിഡിയോ ക്യാമറയ്ക്കു മുന്നൂറും, സ്റ്റില്‍ ക്യാമറകള്‍ക്കു 35 രൂപയും വീതം ടിക്കറ്റ് ചാര്‍ജ് നല്‍കണം.
നീലവസന്തം ഓഗസ്റ്റില്‍
ഓഗസ്റ്റ് മുതല്‍ മൂന്നു മാസക്കാലം വരെയാണ് കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയോദ്യാനത്തിലാണ് കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ചൊക്രമുടിയുടെ ഭാഗമായ ദേവികുളം ഗ്യാപ്, മാട്ടുപ്പെട്ടി മലനിരകള്‍ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞികള്‍ പൂക്കും.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പുഷ്പിക്കാനൊരുങ്ങുന്നു. 2018 ഓഗസ്റ്റിലാണ് അടുത്ത കുറിഞ്ഞി പൂക്കാലം. പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകള്‍ അടുത്ത പൂക്കാലത്തിന് ഏതാനുംവര്‍ഷം മുന്‍പു മാത്രമാണ് വീണ്ടും കിളിര്‍ക്കുന്നത്.
ഹൈറേഞ്ചില്‍ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006 ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്.
Share your comments