കൊവിഡിലും ലോക്ക് ഡൗണിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകൾ വലിയ വിപ്ലവങ്ങൾക്കാണ് വഴി വച്ചത്. തിയേറ്ററുകൾക്ക് ഷട്ടറുകൾ വീണതോടെ സിനിമാ- സീരീസുകളുമായി നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങി.
ഭാഷാ- ദേശ വ്യത്യാസമില്ലാതെ ആസ്വാദകരിലേക്ക് സിനിമയും സീരീസുകളും എത്തുന്നതിനും ഈ ഒടിടി പ്ലാറ്റ്‌ഫോമുകൾ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ ആമസോൺ പ്രൈമിലേക്കുള്ള മെമ്പർഷിപ്പ് നിരക്ക് 50 ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ആമസോൺ നിരക്ക് ഉയർത്തിയതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് ഇന്ത്യ തങ്ങളുടെ പ്ലാനിലും കാര്യമായ മാറ്റം വരുത്തി.
കൂടുതൽ ആകർഷകമായ പ്ലാനുകളോടെ നെറ്റ്ഫ്ലിക്സ്
199 രൂപയുടെ നെറ്റ്ഫ്ലിക്സിന്റെ അടിസ്ഥാന മൊബൈൽ പ്ലാൻ 149 രൂപയിലേക്ക് കുറച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന ഓഫറാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ട് വക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഈ പുതിയ പ്ലാൻ ലഭ്യമാണ്. നിരക്ക് കുറച്ചതോടെ കൂടുതൽ ഉപയോക്താക്കൾ നെറ്റ്ഫ്ലിക്സിലേക്ക് എത്തുമെന്ന് കമ്പനിയും പ്രതീക്ഷിക്കുന്നു.
2019 ജൂലൈയിലായിരുന്നു നെറ്റ്ഫ്ലിക്സ് ഇന്ത്യ അടിസ്ഥാന മൊബൈൽ പ്ലാൻ 199 കൊണ്ടുവരുന്നത്. അതിന് രണ്ട് വർഷം കഴിഞ്ഞാണ് ഇതിൽ മാറ്റം വരുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം, നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാൻ ഇനി മുതൽ 199 രൂപയാണ്.
ഇതിന് മുൻപ് ബേസിക് പ്ലാൻ 499 രൂപയ്ക്കായിരുന്നു. 649 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ 499 രൂപയ്ക്ക് ലഭിക്കും. പ്രീമിയം പ്ലാനിനും വലിയ രീതിയിലുള്ള കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 799 രൂപയായിരുന്ന നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാൻ ഇനി 649 രൂപയിൽ ലഭിക്കും. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ ലഭ്യമാകും.
നെറ്റ്ഫ്ലിക്സിനെ കൂടാതെ, ഇന്ത്യയിലെ മറ്റ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായി വളർന്ന ആമസോൺ പ്രൈമിന്റെ പ്രതിമാസ പ്ലാൻ 129 രൂപയിൽ ആരംഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രീമിയം സേവനങ്ങൾ പ്രതിവർഷം 1499 രൂപയും മൊബൈൽ പ്ലാനുകൾ 499 രൂപയുമാണ്.
മെമ്പർഷിപ്പ് പ്ലാൻ ഉയർത്തി ആമസോൺ പ്രൈം
ആമസോൺ പ്രൈം അംഗത്വത്തിന്റെ നിരക്ക് വർധനവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ 999 രൂപ മാത്രമായിരുന്ന വാര്‍ഷിക പ്ലാനിന്റെ നിരക്ക് 1,499 രൂപയാക്കി ഉയർത്തി.
പ്രതിമാസ പ്ലാനിന്റെ നിരക്ക് 129 രൂപയിൽ നിന്നും 179 രൂപയാക്കി ഉയർത്തി. മൂന്ന് മാസത്തേക്കുള്ള 329 രൂപയുടെ പ്ലാൻ നിരക്കിനാവട്ടെ 459 രൂപയും വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലായിരുന്നു നിരക്ക് വർധനവ് ഏർപ്പെടുത്തിയത്.
2016ലാണ് ആമസോൺ തങ്ങളുടെ പ്രൈം മെമ്പർഷിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രതിവർഷം 499 രൂപയെന്ന നിരക്കിലായിരുന്നു ആമസോണിന്റെ തുടക്കം. 2017ൽ 999 രൂപയാക്കി ഇത് വർധിപ്പിച്ചിരുന്നു.
Share your comments