<
  1. News

കാര്‍ഷികരംഗത്ത് ലോകത്തിനു തന്നെ മാതൃകയാകുന്ന നെതര്‍ലാന്റ്‌സ്

കേരളത്തിന്റെ വലിപ്പമാണ് ഹോളണ്ട് എന്നു വിളിക്കുന്ന നെതര്‍ലാന്റ്‌സിന്. ജനസംഖ്യയാകട്ടെ കേരളത്തിലുള്ളതിന്റെ പകുതിയോളം. എന്നാല്‍ കാര്‍ഷിക കയറ്റുമതിയുടെ മൂല്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഹോളണ്ട്.

KJ Staff
Netherland Farming


കേരളത്തിന്റെ വലിപ്പമാണ് ഹോളണ്ട് എന്നു വിളിക്കുന്ന നെതര്‍ലാന്റ്‌സിന്. ജനസംഖ്യയാകട്ടെ കേരളത്തിലുള്ളതിന്റെ പകുതിയോളം. എന്നാല്‍ കാര്‍ഷിക കയറ്റുമതിയുടെ മൂല്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഹോളണ്ട്. വെറും നാലുശതമാനം ആള്‍ക്കാരാണ് ഹോളണ്ടില്‍ കാര്‍ഷികമേഖലയില്‍ ജോലിചെയ്യുന്നത് എന്നാല്‍ ആ രാജ്യത്തെ കയറ്റുമതിമൂല്യത്തിന്റെ 21 ശതമാനവും കൃഷിയില്‍ നിന്നാണ് എന്നത് ഏറെ ശ്രദ്ധേയം.
 
ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ഉണ്ടാക്കിയെടുത്ത മികവല്ല ഇത്. വര്‍ഷങ്ങളായി നിരന്തരം തുടരുന്ന ഗവേഷണങ്ങള്‍, കൃത്യമായ ശാസ്ത്രീയ കൃഷിരീതികള്‍ എന്നിവയുടെയെല്ലാം ഫലമായുണ്ടായ വിജയമാണത്. ഇരുപതുവര്‍ഷം മുന്‍പ് ഡച്ചുകാര്‍ കാര്‍ഷിക കാര്യത്തില്‍ ഒരു പ്രതിജ്ഞയെടുത്തു. പകുതി വിഭവം ഉപയോഗിച്ച് വിളവ് ഇരട്ടിപ്പിക്കുക എന്നതായിരുന്നു അത്. അതിനായി വരുത്തിയ ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് കൃഷി ഗ്രീന്‍ഹൗസുകളിലാക്കി എന്നതാണ്. ഇതുവഴി കൃഷിയ്ക്കുള്ള ജല ഉപഭോഗം 90 ശതമാനം കുറഞ്ഞു. ഗ്രീന്‍ഹൗസുകളില്‍ കീടനാശിനികള്‍ വേണ്ടെന്നായി. ഇന്ന് കാര്‍ഷിക ഗവേഷണത്തിലും സാങ്കേതികവിദ്യയിലും ഇവരെ വെല്ലാന്‍ ആരുമില്ല. 2009 നു ശേഷം കാലിവളര്‍ത്തലിലും പക്ഷിവളര്‍ത്തലിലുമെല്ലാം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 60 ശതമാനത്തോളം അവര്‍ കുറച്ചു.

നെതര്‍ലാന്റ്‌സിലെ കാര്‍ഷിക ഗവേഷണങ്ങളുടെയെല്ലാം ചുക്കാന്‍ പിടിക്കുന്ന വെയ്ജനിഞ്ചന്‍ ഗവേഷണ സര്‍വ്വകലാശാലയാണ്. 100 രാജ്യങ്ങളില്‍നിന്നും 12,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇത് ലോകത്ത് ഏറ്റവും മികച്ച കാര്‍ഷിക ഗവേഷണ സര്‍വ്വകലാശാലയായി കരുതപ്പെടുന്നു. ഭക്ഷ്യവൈവിധ്യത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായ ഇവിടെ ധാരാളം കാര്‍ഷികാനുബന്ധ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ട്. ഇവിടത്തെ വിദ്യാര്‍ത്ഥികളില്‍ 45 ശതമാനത്തോളം ആള്‍ക്കാര്‍ വിദേശത്തുനിന്നുമുള്ളവരാണ്. പഠനം കഴിഞ്ഞ് ഇറങ്ങിയവരാകട്ടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ മന്ത്രാലയങ്ങളോട് സഹകരിച്ച് പലവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

greenhouse farming

മുളകും തക്കാളിയും ഗ്രീന്‍ഹൗസുകളിലാണ് പ്രധാനമായും വളര്‍ത്തുന്നത്. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന ഗ്രീന്‍ഹൗസുകള്‍ക്ക് 25 വര്‍ഷത്തോളം ആയുസുണ്ട്. സൂര്യപ്രകാശത്തിന്റെ അപര്യാപ്തത പരിഹരിക്കാനായി പലപ്പോഴും കൃത്രിമവെളിച്ചം ഉപയോഗിക്കാറുണ്ട്. നെതര്‍ലാന്റില്‍ പണിക്കൂലി വളരെക്കൂടുതലാണ്. പലപ്പോഴും പഠനത്തോടൊപ്പം ഇടവേളകളില്‍ ജോലിചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കൃഷിമേഖലയില്‍ ജോലിചെയ്യുന്നു. ചെടികള്‍ക്ക് വളരാനുള്ള വള്ളികള്‍ കെട്ടിക്കൊടുക്കല്‍, കമ്പുകള്‍ മുറിക്കല്‍, വിളവെടുക്കല്‍ തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്ന ജോലികള്‍. കീടങ്ങളെ പശയില്‍ ഒട്ടിച്ച് കെണിയിലാക്കാനുള്ള വിദ്യയോടൊപ്പം മിത്രകീടങ്ങളെയും ഉപയോഗിക്കുന്നുണ്ട്. മിത്രകീടങ്ങളെ ഉപയോഗിക്കുന്നതുവഴി ഒരേക്കറില്‍ ഏതാണ്ട് മൂന്നരലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത്. വിളവര്‍ദ്ധനയ്ക്കായി ഗ്രീന്‍ഹൗസിലെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂട്ടി നല്‍കാറുണ്ട്. ഭൂമിക്കടിയില്‍ നിന്നും ഉണ്ടാകുന്ന താപം ഉപയോഗിച്ച് ഇവിടത്തെ ഗ്രീന്‍ഹൗസുകളിലെ താപനില ക്രമീകരിക്കാറുമുണ്ട്.

മിത്രകീടങ്ങളുടെ ഉപയോഗമാണ് കൃഷിയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കിയത്. ലേഡി ബഗ്ഗുകളുടെ ലാര്‍വയെ ഉണ്ടാക്കി അവ ഉപയോഗിച്ച് സസ്യങ്ങളുടെ നീരൂറ്റി കുടിക്കുന്ന ആഫിഡുകളെ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെ ലാര്‍വകള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി അവയെ 96 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പരാഗണത്തിന് വ്യാപകമായി തേനീച്ചകളെ ഉപയോഗിക്കുന്നു. തേനീച്ചകള്‍ക്ക് കൃത്രിമ വെളിച്ചത്തില്‍ സമയബോധം നഷ്ടമാവാതിരിക്കാന്‍ വെളിച്ചം ഉപയോഗിക്കുന്ന സമയവും ക്രമപ്പെടുത്തുന്നു. തേനീച്ചകളെ പരാഗണത്തിന് ഉപയോഗിക്കുന്നതുവഴി 20-30 ശതമാനം കാര്‍ഷിക വര്‍ദ്ധനയാണ് ഉണ്ടാവുന്നതായി കണ്ടത്.

ladybug

വിത്തുല്‍പ്പാദനത്തിലും കയറ്റുമതിയിലും നെതര്‍ലാന്റ്‌സ് വളരെ മുന്‍പിലാണ്. 2016 ല്‍ ഇവിടെനിന്നും കയറ്റുമതി ചെയ്ത വിത്തുകളുടെ മൂല്യം മാത്രം 12000 കോടി രൂപ വരും. ഉന്നത വിളവ് തരുന്ന ഇവയില്‍ പലതും കീടബാധയെ പ്രതിരോധിക്കുന്നവയുമാണ്. കാര്‍ഷിക സാങ്കേതികവിദ്യയും മറ്റുരാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ നെതര്‍ലാന്റ്‌സ് സഹകരിക്കുന്നുണ്ട്. പൂര്‍ണ്ണതോതിലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പലതരത്തിലും തടസ്സങ്ങള്‍ ഉള്ളസ്ഥലങ്ങളില്‍ ഗ്രീന്‍ഹൗസുകള്‍ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കുമ്പോള്‍ കീടബാധയും വരള്‍ച്ചയും മൂലം വിളവുകുറയുന്ന വിളകളില്‍ മൂന്നിരട്ടിവരെ ഉല്‍പ്പാദനവര്‍ദ്ധന ഉണ്ടാവുന്നു. സോയില്‍ കെയേഴ്‌സ് എന്നൊരു ഡച്ച് കമ്പനി ഫോണിലെ ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് മണിന്റെ ഘടന പരിശോധിച്ച് ഫലം നെതര്‍ലാന്റ്‌സിലെ ഡാറ്റബേസിലേക്ക് അയയ്ക്കുകയും പത്തുമിനിറ്റുകൊണ്ട് എന്തെല്ലാം പോഷകങ്ങളാണ് ആ മണ്ണില്‍ വിളയ്ക്ക് വേണ്ടതെന്നും റിപ്പോര്‍ട്ടു നല്‍കുന്നു.
 
ലോകത്തെ പക്ഷിമാംസ സംസ്‌കരണമേഖലയിലെ യന്ത്രങ്ങളുടെ 80 ശതമാനവും നെതര്‍ലാന്റ്‌സില്‍ ഉണ്ടാക്കുന്നവയാണ്, ചീസ് നിര്‍മ്മാണത്തിലെ യന്ത്രങ്ങളുടെയും ഭൂരിഭാഗവും ഇവരുടെ തന്നെ. മികച്ച കാര്യക്ഷമതയും നിലനില്‍ക്കത്തക്ക നിര്‍മ്മാണരീതികളും കൊണ്ട് നെതര്‍ലാന്റ്‌സിലെ കാര്‍ഷിക ഉല്‍പ്പാദനക്ഷമത യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പാദനക്ഷമതയേക്കാള്‍ അഞ്ചുമടങ്ങ് കൂടുതലാണ്.
 
കുട്ടനാടിനെപ്പോലെ നെതര്‍ലാന്റ്‌സിന്റെ നാലിലൊന്നും സമുദ്രനിരപ്പിനു താഴെയാണ്, ജനസംഖ്യയുടെ 21 ശതമാനവും ഇവിടെയാണ് ജീവിക്കുന്നതും. ലോകജനസംഖ്യ വര്‍ദ്ധിക്കുകയും കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കുറയുകയും കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ ലോകത്തെ ഭക്ഷ്യസുരക്ഷയ്ക്കായി നെതര്‍ലാന്റ്‌സ് നടത്തുന്ന മാതൃകകള്‍ പലതരത്തിലും അനുകരിക്കാവുന്നതാണ്.

English Summary: Netherland model agriculture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds