1. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി തമിഴ്നാട് തീരം വഴി അറബിക്കടലിൽ എത്തുമെന്നാണ് സൂചന. ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് കണക്ഷൻ കൊള്ളയടി; റെഗുലേറ്ററിനും വില കൂടി..കൂടുതൽ കൃഷി വാർത്തകൾ
2. അഞ്ച് കാർഷിക ഉൽപന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പദവി സ്വന്തമാക്കിയത്. ഭൗമസൂചിക പദവി ലഭിക്കുന്നതിലൂടെ ഉൽപന്നങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കുകയും, വിപണിയിൽ പ്രാധാന്യം ലഭിക്കുകയും ചെയ്യും.
3. നെൽവയലുകൾ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കട്ടപ്പുറം-മുര്യങ്കേരി പാടശേഖരത്തിലെ വിത മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമാഫിയകള്‍ക്ക് ഒരിഞ്ച് സ്ഥലംപോലും വിട്ടു കൊടുക്കില്ലെന്നും ഇവർക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാല്‍നൂറ്റാണ്ടായി തരിശായി കിടന്ന വെച്ചൂര്‍ പഞ്ചായത്തിലെ 25 ഏക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കിയാണ് വിത്തിറക്കിയത്.
4. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ‘സേവ് ഫുഡ് ഷെയർ ഫുഡ്’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അധികം വരുന്ന ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവർക്ക് എത്തിച്ച് നൽകുന്ന പദ്ധതിയാണിത്. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണം നൽകാനും, സ്വീകരിക്കാനും, സഹായം ചെയ്യാനും താൽപര്യമുള്ളവർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. savefoodsharefood.in വെബ്സൈറ്റ് വഴി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.
5. കെട്ടിട നിർമാണ മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ്. നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നിർമ്മാണ മേഖലയിൽ പുനചംക്രമണം ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. ഇതിന് കാരണം സംസ്ഥാനത്ത് മാലിന്യങ്ങൾ പുനചംക്രമണം ചെയ്യുന്നതിനുളള സംവിധാനങ്ങളുടെ അഭാവമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വലിയ നഗരങ്ങളിൽ ഇത്തരം മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകളും ചെറുനഗരങ്ങളിൽ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
6. കോന്നി നിയോജക മണ്ഡലത്തിലെ ഇക്കോ ടൂറിസം വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ മൂന്ന് ഘട്ടമായി നടപ്പാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ആനക്കൂട്, അടവി, ആങ്ങമൂഴി, ഗവി ടൂറിസം കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും, ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
7. പാലക്കാട് കേരളശേരിയിൽ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. സംഗമത്തോനുബന്ധിച്ച് നടന്ന വ്യക്തിത്വ വികസന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിർവഹിച്ചു. വിളംബരജാഥ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു.
8. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുട്ടഗ്രാമം പദ്ധതിക്ക് തുടക്കം. ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണവും, മുട്ട ഉൽപാദന വർധനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 5000 കോഴികളെ വിതരണം ചെയ്തു. ഒരു കുടുംബത്തിന് അഞ്ച് കോഴി വീതം തെരഞ്ഞെടുത്ത 1000 കുടുംബങ്ങള്‍ക്കാണ് കോഴിയെ നൽകുന്നത് . ആദ്യ ഘട്ടത്തിൽ പത്ത് വാർഡുകളിലാണ് കോഴികളെ വിതരണം ചെയ്തത്.
9. ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം നേടാം. ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഈ മാസം 19, 20 തീയതികളിലാണ് പരിശീലനം നടക്കുക. താല്‍പര്യമുളളവര്‍ 0479 2457778 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
10. കണ്ണൂരിൽ സൗജന്യ ധാതുലവണം വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കേരള ഫീഡ്സില്‍ ഉല്‍പാദിപ്പിച്ച എട്ട് കിലോഗ്രാം കേരമിനാണ് 52 കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. പശുക്കളുടെ പ്രത്യുല്‍പാദനം ത്വരിതപ്പെടുത്താനും പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
11. കൊയിലാണ്ടി താലൂക്കിൽ ചെറുകിട വ്യവസായ മേളക്ക് തുടക്കം. മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. കൊയിലാണ്ടി താലൂക്ക് പരിധിയിലെ 45 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച വിവിധതരം ഉല്‍പ്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കൈത്തറി, കയര്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും. ഈ മാസം 18 ന് മേള സമാപിക്കും.
12. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സോളാർ പദ്ധതിക്ക് സംസ്ഥാന അംഗീകാരം. കേരളാ സ്റ്റേറ്റ് റിന്യൂവബിൾ എനർജി കമൻഡേഷൻ സർട്ടിഫിക്കറ്റിനാണ് റൂഫ് ടോപ്പ് സോളാർ പവർ പദ്ധതി അർഹമായത്. ജില്ലയിലെ 44 സ്കൂളുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചതു വഴി വൈദ്യുതി മിച്ചം വരികയും വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവു വരുത്താനും സാധിച്ചു. കൂടാതെ മിച്ചം വന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ തിരിച്ചു നൽകി ജില്ലാ പഞ്ചായത്ത് സാമ്പത്തിക നേട്ടവും കൈവരിച്ചു.
13. വേങ്ങേരി അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് പന്തല്‍ നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഈ മാസം 22 മുതല്‍ 31 വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലാണ് മേള നടക്കുക. പന്തല്‍ നാട്ടല്‍ കര്‍മ്മം കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക വിപണനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാഹന പ്രദര്‍ശനം, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍, മത്സരങ്ങള്‍, പുഷ്പം, ഫലം, മത്സ്യം, പക്ഷികൾ തുടങ്ങിയവയുടെ പ്രദർശനം വിപണനം എന്നിവ കേന്ദ്രത്തിലുണ്ടാകും.
14. കാർഷിക മേഖലയുടെ പുരോഗമനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ. കർഷകരുടെ വരുമാന വർധനവ് ലക്ഷ്യമിട്ട് 2014-22 കാലയളവിൽ ഏകദേശം 6.22 ലക്ഷം കോടി രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെന്നും, 3.75 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ 100 സ്റ്റാർട്ടപ്പുകൾ മാത്രം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 4,000-ലധികമായി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
15. മൈനകളെ നിയന്ത്രിക്കാൻ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ഒമാൻ. കൃഷി വ്യാപകമായി നശിപ്പിക്കുക, തേനീച്ചകളെ ഭക്ഷിക്കുക എന്നിവയാണ് പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രധാന കാരണങ്ങൾ. കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഒമാൻ പരിസ്ഥിതി മന്ത്രാലയം നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. മൈനകൾക്ക് പുറമെ, കാക്ക, പ്രാവ് എന്നിവയും വലിയ തോതിൽ കാർഷിക നഷ്ടം വരുത്തുന്നുണ്ട്.
Share your comments