കേരളീയർക്ക് പ്രിയ ഭക്ഷണമായ മത്സ്യം തദ്ദേശീയമായിത്തന്നെ ഉൽപ്പാദിപ്പിക്കണമെന്നാണ് കോവിഡ് മുന്നോട്ടുവയ്ക്കുന്ന ഒരു പാഠം. നല്ല മീൻ ഉറപ്പാക്കാൻ മത്സക്കൃഷി വ്യാപിപ്പിക്കും. ഈവർഷം 1.84 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനമാണ് ഉൾനാടൻ മത്സ്യകൃഷി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കർമപദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും.
എട്ടു ലക്ഷത്തോളം മെട്രിക് ടൺ മത്സ്യമാണ് സംസ്ഥാനത്തിനാവശ്യം. ഉൽപ്പാദനത്തിൽ ഒന്നര ലക്ഷത്തോളം മെട്രിക് ടണ്ണിന്റെ കുറവ് ഇപ്പോഴുണ്ട്. ഇത് നികത്തുക. ഒപ്പം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയായി മാറുക എന്നതാണ് കോവിഡുനുശേഷം ഫിഷറീസ് വകുപ്പിന്റെ മുഖ്യ ഉത്തരവാദിത്തം.
എല്ലാ മണ്ഡലത്തിലും പരീക്ഷണാടിസ്ഥാനത്തിൽ ഒന്നുവീതം ഫിഷ് സ്‌റ്റാൾ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. നല്ല മീൻ ന്യായവിലയ്‌ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സഹകരണവകുപ്പും മത്സ്യഫെഡും പദ്ധതിയിൽ സഹകരിക്കും. സഹകരണ സംഘങ്ങൾക്കായിരിക്കും നടത്തിപ്പുചുമതല. മത്സ്യഫെഡ് മീൻ ലഭ്യമാക്കും.
അടച്ചുപൂട്ടൽകാലത്തെ പുതിയ മത്സ്യവിൽപ്പന രീതി തുടരണം എന്നതിൽ സർക്കാരിൽ വലിയ സമ്മർദമുണ്ട്. വിഴിഞ്ഞം ഒഴികെയുള്ള തുറമുഖങ്ങളിലെയും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് മുൻവർഷത്തെ ഇതേകാലത്തെ അപേക്ഷിച്ച് പത്ത് കോടിയിലധികം രൂപ അധികമായി മീൻ വിലയായി ലഭിച്ചു. ചെറുകിട വ്യാപാരികൾക്കും കച്ചവടക്കാരായ സ്‌ത്രീകൾക്കുമെല്ലാം ആദായം ഉയരുന്നു. ഇതാണ് ഈ സമ്പ്രദായത്തിന് ലഭിക്കുന്ന പൊതുസ്വീകാര്യതയ്‌ക്ക് കാരണം
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യത്തൊഴിലാളികൾക്ക് 20,000 കോടി രൂപ പാക്കേജുമായി കേന്ദ്ര ധനകാര്യ മന്ത്രി
Share your comments