<
  1. News

കേര സംരക്ഷണ രംഗത്ത് എളവള്ളി മോഡൽ വരുന്നു

കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി.

Meera Sandeep
കേര സംരക്ഷണ രംഗത്ത് എളവള്ളി മോഡൽ വരുന്നു
കേര സംരക്ഷണ രംഗത്ത് എളവള്ളി മോഡൽ വരുന്നു

കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കേരളത്തിൽ ആദ്യമായി എളവള്ളി ഗ്രാമ പഞ്ചായത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. എളവള്ളി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളെ നാല് വീതം വാർഡുകളുള്ള നാല് ക്ലസ്റ്ററുകളായി തിരിക്കും.

കേര കൃഷിയുടെ ഭാഗമായി തെങ്ങ് കയറാനും അനുബന്ധ ജോലികൾക്കും തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഉണ്ടെങ്കിൽ തന്നെ സമയാസമയങ്ങളിൽ അവരുടെ സേവനം ലഭിക്കാറില്ലയെന്നതും കർഷകരെ കുഴക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ ക്ലസ്റ്ററുകളിലും രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ കൃഷിയിടങ്ങളിലുള്ള തെങ്ങുകൾ ഗ്രാമ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ 45 ദിവസം ഇടവിട്ട് കയറി കൊടുക്കും.

തെങ്ങുകൃഷിക്കായുള്ള നാളീകേര വികസന ബോർഡിൻറെ സഹായങ്ങൾ

ലഭിക്കുന്ന നാളികേരം പറക്കി കൂട്ടുന്നതിനും പൊളിക്കുന്നതിനും ഉടയ്ക്കുന്നതിനും തൂക്കം നോക്കി കൊണ്ടുപോകുന്നതിനും ക്ലസ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും. തൂക്കം രേഖപ്പെടുത്തുന്ന നാളികേരത്തിന് അതതു ദിവസത്തെ മാർക്കറ്റ് വിലയനുസരിച്ച് തുക നിശ്ചയിക്കും.

കൂലിയിനത്തിൽ ചെലവായ സംഖ്യ കിഴിച്ച് ബാക്കി ലഭിക്കുന്ന തുക എളവള്ളി - ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും തൊട്ടടുത്ത ദിവസം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്. ഓരോ ക്ലസ്റ്ററിലും തെങ്ങ് കയറുന്നതിന് 5 തൊഴിലാളികളും നാളികേരം പൊളിക്കുന്ന കേന്ദ്രത്തിൽ എത്തിക്കുന്നതിന് മൂന്ന് വീതം തൊഴിലാളികളും നാളികേരം പൊളിച്ചു ഉടയ്ക്കുന്നതിന് മൂന്ന് തൊഴിലാളികളും ഉണ്ടാകും. തെങ്ങ് കയറുന്നതിനു മുമ്പേ കർഷകർക്ക് അറിയിപ്പ് നൽകും.

തൊഴിലാളികളുടെ കൂലി സംബന്ധിച്ചും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ തൂക്ക വിവരങ്ങൾ സംബന്ധിച്ചും രേഖപ്പെടുത്തുന്നതിനും തൊഴിലാളികളുടെയും കർഷകരുടെയും ദൈനംദിന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ഒരു സൂപ്പർവൈസറെ നിയമിക്കും. ലഭിക്കുന്ന നാളികേരം ആദ്യഘട്ടത്തിൽ ചെറുകിട നാളികേര സംസ്കരണ യൂണിറ്റുകൾക്ക് നൽകും. പിന്നീട് നാളികേരം ഉണക്കി ലഭിക്കുന്ന കൊപ്ര ആട്ടി ശുദ്ധമായ എളവള്ളി ബ്രാൻഡ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നതും പരിഗണനയിലുണ്ട്.

എളവള്ളി വ്യവസായ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വനിതാ കയർ നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ പച്ച ചകിരി കർഷകരിൽ നിന്നും ശേഖരിച്ച് എത്തിക്കും. കർഷകർക്ക് ആവശ്യമായ ജൈവ -രാസ വളങ്ങൾ, കുമ്മായം എന്നിവ സമയാസമയങ്ങളിൽ എത്തിക്കുന്നതിനും ക്ലസ്റ്ററുകൾ നേതൃത്വം നൽകും.

നാളികേര സംസ്കരണത്തിനും, തെങ്ങ് കൃഷിക്കും 50 ലക്ഷത്തിൻറെ ധനസഹായം.

കാർഷിക ലേബർ ബാങ്കുകൾ രൂപീകരിക്കാനും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.  സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലം നെൽകൃഷി ലാഭകരമായതുപോലെ കേര കൃഷിയും ലാഭകരമാക്കുകയെന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് രൂപകല്പന നൽകിയ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് പറഞ്ഞു. പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി തെങ്ങുകയറ്റ തൊഴിലാളികളുടെയും ചെറുകിട നാളികേര സംസ്കരണ യൂണിറ്റുകളുടെയും യോഗം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർക്കും. പദ്ധതി വിശദീകരിക്കുന്നതിനും കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓരോ വാർഡ് തോറും കർഷക സംഗമങ്ങൾ നടത്താനും തീരുമാനമായി.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ ഡി വിഷ്ണു, ടി സി മോഹനൻ, എൻ ബി ജയ, ജനപ്രതിനിധികളായ പി എം അബു, ശ്രീബിത ഷാജി, സീമ ഷാജു, ലിസ്സി വർഗ്ഗീസ്, രാജി മണികണ്ഠൻ, സൗമ്യ രതീഷ്, കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ, കേരഗ്രാമം പഞ്ചായത്ത് കൺവീനർ കെ പി രാജു, കൃഷി വികസന സമിതി അംഗങ്ങളായ ടി കെ ചന്ദ്രൻ, സി കെ ബാബു, പി എൽ ഡൊമിനി, വി സി വിൻസെൻ്റ് എന്നിവർ സംസാരിച്ചു.

English Summary: New model is coming in the field of coconut protection

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds