പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ; കിലോയ്ക്ക് 10.90 രൂപയ്ക്ക് 2 കിലോ അരി.
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറം ബ്രൗൺ. ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും.
ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന സ്പെഷൽ അരിയിൽ 2 കിലോ വീതം ഈ കാർഡ് ഉടമകൾക്കു ലഭിക്കും.
നിലവിൽ ഒരു കുടുംബത്തിന് ഒന്നെന്ന തോതിൽ സൗജന്യമായി നൽകുന്ന ഭക്ഷ്യസാധനകിറ്റ്, പുതിയ വിഭാഗം കാർഡുകൾക്കു നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. സാധാരണ ഒരു കുടുംബത്തിനാണു കാർഡ് നൽകുന്നതെങ്കിൽ ഇത്തരം കാർഡ് വ്യക്തികൾക്കാണ്.
സംസ്ഥാനത്ത് സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികൾക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്.
സ്ഥാപനങ്ങളിലെ അന്തേവാസികൾ റേഷൻ കാർഡിനായി അപേക്ഷിക്കുമ്പോൾ സ്ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം. ഇതു വരെ ഇത്തരം കാർഡുകൾക്കായി പത്തിൽ താഴെ അപേക്ഷകളാണു ലഭിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും.
നിലവിൽ അന്ത്യോദയ അന്നയോജന (എഎവൈ– മഞ്ഞ നിറം), മുൻഗണന വിഭാഗം (പിഎച്ച്എച്ച്– പിങ്ക്) എന്നീ മുൻഗണനാ വിഭാഗം കാർഡുകളും എൻപിഎസ് (സംസ്ഥാന സബ്സിഡി – നീല), എൻപിഎൻഎസ് (വെള്ള) എന്നീ മുൻഗണന ഇതര കാർഡുകളുമാണു സംസ്ഥാനത്തുള്ളത്.
Share your comments