ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ കേന്ദ്ര പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2,500 കോടി രൂപ ചെലവിൽ നടപ്പിലാക്കാനായി ഉദ്ദേശിക്കുന്ന പദ്ധതിയാണ് കൃഷി മന്ത്രാലയം തയ്യാറാക്കുന്നത്. ഈ പദ്ധതിയുടെ രൂപരേഖ ഉടൻ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് മുതിർന്ന കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം
'നിലവിലുള്ള കൃഷിരീതികളെ തടസ്സപ്പെടുത്താതെ ചിട്ടയായ സമീപനത്തോടെ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി നിരവധി തവണ കൂടിയാലോചനകൾ നടത്തുകയും തുടർന്ന് പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഒരു കരട് പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു,' എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർശ്വഫലങ്ങളില്ലാത്ത മികച്ച ഉൽപ്പന്നങ്ങൾ പ്രകൃതി കൃഷിയിലൂടെ ലഭിക്കുമെന്ന് മോദി
നിലവിലുള്ള വളം, കീടനാശിനി അധിഷ്ഠിത കൃഷിക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഡിസംബറിൽ ഗുജറാത്തിൽ വച്ച് ഒരു ദേശീയ പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ നിർദേശങ്ങൾക്കും മാസങ്ങൾക്ക് ശേഷമാണ് പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർശ്വഫലങ്ങളില്ലാത്ത മികച്ച ഉൽപ്പന്നങ്ങളാണ് പ്രകൃതി കൃഷി വാഗ്ദാനം ചെയ്യുന്നതെന്നും മോദി അന്ന് വ്യക്തമാക്കി.
പ്രകൃതി കൃഷി പരിശീലിക്കുന്ന കർഷകരെ പിന്താങ്ങുന്നതിനും അവരെ ഉന്നമനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനും പദ്ധതി സഹായിക്കും.
ഉൽപ്പന്നങ്ങളുടെ വിപണനം, വിപുലീകരണ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാസകൃഷിയുടെ പരിവർത്തനമല്ല, രാസകൃഷി ഇതുവരെ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: ജൈവ പുതയിടൽ അനിവാര്യം
ഉദാഹരണത്തിന്, വരണ്ട പ്രദേശങ്ങളിൽ രാസകൃഷി കൂടുതലായി നടക്കുന്നില്ല. 2022ലെ കേന്ദ്ര ബജറ്റിൽ ഗംഗാ നദിയുടെ 5 കിലോമീറ്റർ പരിധിയിൽ വരുന്ന വയലുകൾ പോലുള്ള സ്ഥലങ്ങളിൽ രാസ രഹിത പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ അറിയിച്ചിരുന്നു. പ്രകൃതിദത്ത കൃഷി ഒരു രാസ രഹിത പരമ്പരാഗത കൃഷി രീതിയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിളകൾ, മരങ്ങൾ, കന്നുകാലികൾ എന്നിവയെ പ്രവർത്തനക്ഷമമായ ജൈവവൈവിധ്യവുമായി സമന്വയിപ്പിക്കുന്ന കാർഷിക ഇക്കോളജി അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാർന്ന കൃഷി സമ്പ്രദായമായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ, കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത കൃഷി വികാസ് യോജന (പികെവിവൈ- PKVY)യിലൂടെ പ്രകൃതി കൃഷിയായ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (ബിപികെപി- BPKP)യെ പ്രോത്സാഹിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിക്ക് പ്രയോജനം തരുന്ന മൂന്നു തരം പ്രത്യേക വളക്കൂട്ടുകൾ
നിതി ആയോഗും കൃഷി, കർഷക ക്ഷേമ മന്ത്രാലയവും ചേർന്ന് പ്രകൃതി കൃഷി രീതികളെക്കുറിച്ച് ആഗോള വിദഗ്ധരുമായി നിരവധി ഉന്നതതല ചർച്ചകൾ വിളിച്ചിരുന്നു. ഇന്ത്യയിൽ ഏകദേശം 2.5 ദശലക്ഷം കർഷകർ ഇതിനകം തന്നെ പുനരുൽപ്പാദന കൃഷി ചെയ്യുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഇത് 20 ലക്ഷം ഹെക്ടറിലെത്തുമെന്നും കണക്കുകൂട്ടുന്നു. പ്രകൃതി കൃഷി ഉൾപ്പെടെ ഏത് തരത്തിലുള്ള ജൈവകൃഷിയിലും, അതിൽ 12 ലക്ഷം ഹെക്ടറും BPKPക്ക് കീഴിലാണെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു.
ആന്ധ്രാപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ BPKP നടപ്പിലാക്കുന്നുണ്ട്. ഉൽപ്പാദനത്തിലെ വർധനവ്, സുസ്ഥിരത, ജല ഉപഭോഗം ലാഭിക്കൽ, മണ്ണിന്റെ ആരോഗ്യം, കൃഷിഭൂമിയുടെ ആവാസവ്യവസ്ഥ എന്നിവയുടെ പുരോഗതിയിൽ BPKPയുടെ ഫലപ്രാപ്തി സ്വാധീനിച്ചുവെന്ന് പഠന റിപ്പോർട്ടുകളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകര്‍ഷകരുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത് ,കൃഷിവിസ്തൃതിയില്‍ ഒന്‍പതാമതും
Share your comments