നിപ വൈറസ്ബാധ കാര്‍ഷികമേഖലയേയും സാരമായി ബാധിക്കുന്നു. കേരളത്തിലെ പ്രാദേശിക വിപണിയിലുണ്ടായ മന്ദതയും ഗള്‍ഫ് രാജ്യങ്ങളിലെ നിരോധനവും കാരണം പല വന്‍കിട തോട്ടങ്ങളിലും പഴങ്ങള്‍ കെട്ടിക്കിടക്കുകയാണ്. പകുതി വിലയേ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ. കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കച്ചവടക്കാര്‍ക്കും വന്‍ നഷ്ടമാണ്.
അതിര്‍ത്തിഗ്രാമങ്ങളിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പഴം, പച്ചക്കറി കര്‍ഷകര്‍ക്കും തിരിച്ചടിയായി. പ്രാദേശിക വിപണിയെയും ഗള്‍ഫിലേക്കുള്ള കയറ്റുമതിയെയും ആശ്രയിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരാണ് അതിര്‍ത്തിപ്രദേശങ്ങളിലും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുമുള്ളത്. അട്ടപ്പാടി അടക്കമുള്ള അതിര്‍ത്തി മേഖലകളിലെ തോട്ടങ്ങളില്‍ മൂപ്പെത്തിയ വാഴക്കുലകള്‍ വെട്ടാനാകാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.
അട്ടപ്പാടിയില്‍ മാത്രമായി ഇരുപതിനായിരത്തോളം കര്‍ഷകര്‍ 20 ലക്ഷത്തോളം വാഴ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇ.കൂടി നിരോധനം പ്രഖ്യാപിച്ചതോടെ ഇവിടെനിന്നുള്ള പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ തീരെ കുറഞ്ഞു. വില പകുതിയാക്കിയിട്ടും തോട്ടങ്ങളില്‍ പാകമായ കുലകള്‍ വെട്ടാതെ നിര്‍ത്തേണ്ട അവസ്ഥയാണ്. നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 50 രൂപയാണ് കര്‍ഷകര്‍ക്ക് കിട്ടിയിരുന്നത്. ഇപ്പോഴത് 28-30 രൂപയായി കുറഞ്ഞു. കേരളത്തില്‍ ആവശ്യം കുറഞ്ഞതിനെത്തുടര്‍ന്ന് ഇപ്പോള്‍ ചെന്നൈയിലേക്കാണ് ഉത്പന്നങ്ങള്‍ പോകുന്നത്.
യു.എ.ഇ. നിരോധനമേര്‍പ്പെടുത്തിയത് പഴവര്‍ഗ കയറ്റുമതിക്ക് വലിയ തിരിച്ചടിയായതായി കാലിക്കറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഇ. അഷ്‌റഫലി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പ്രാദേശിക വിപണിയിലും ആവശ്യക്കാര്‍ കുറവാണ്. ചരക്ക് എടുക്കുന്നതുതന്നെ നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടു ദിവസംമുമ്പ് 55 രൂപ നിരക്കില്‍ എടുത്തത് നാട്ടില്‍ത്തന്നെ 25 രൂപ നിരക്കില്‍ വിറ്റഴിക്കേണ്ട അവസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Share your comments