കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ ഞാറ്റുവേല ചന്തയും കർഷക സഭകളും നാളെ (03.07.2023) ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ജൂൺ 6 വരെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ പ്രദർശന മേള സംഘടിപ്പിക്കും. മേളയിൽ കൃഷിക്കൂട്ടങ്ങളുടെയും ഫാം പ്ലാൻ അധിഷ്ഠിത കർഷക ഉത്പാദക സംഘടനകയുടെയും കാർഷിക ഉത്പന്നങ്ങളുടെയും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.
കൃഷിവകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കേരള കാർഷിക സർവകലാശാലയുടെയും കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെയും വിവിധ പ്രദർശന സ്റ്റാളുകളും, വിവിധ കാർഷിക ഉത്പ്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. കൂടാതെ ആനുകാലിക പ്രാധാന്യമുള്ള കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും വൈകുന്നേരങ്ങളിൽ വിവിധ കലാവിരുന്നുകളും സംഘടിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ പോഷകാംശത്തില്‍ അത്ര ചെറുതല്ല
ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സംസ്ഥാനതല സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും കൃഷിക്കൂട്ടസംഗമവും പ്രചരണ ജാഥയോടുകൂടി ജൂലൈ 6 ന് വൈകുന്നേരം 5:00 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Share your comments