ആലപ്പുഴ: ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ പ്രാപ്യമാകാതെ പോകരുതെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവൂർ എഫ്.എച്ച്.സിയിൽ പുതുതായി നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെയും കായംകളം നഗരസഭയിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരങ്ങളിലെ ജീവിത ചെലവ് താരതമ്യേന കൂടുതലാണ്. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അത് തന്നെയാണ് അവസ്ഥ. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭ്യമാകാതെ പോകരുത്. അതിനായി സൗജന്യവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാൽ, പകർച്ചവ്യാധികൾ വളരെയേറെ കൂടുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ഒരുക്കുന്നത് പോലെ പ്രധാനമാണ് രോഗപ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ.
അതുകൊണ്ടാണ് കോവിഡ് കാലത്തെ മാതൃക ഉൾക്കൊണ്ട് സംസ്ഥാനത്തെമ്പാടും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ എം. എൽ. എ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൂയമോൾ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, കെ. ഉദയമ്മ, വാർഡ് അംഗം ഗീതാകുമാരി ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. എ. സഫീർ, പഞ്ചായത്ത് സെക്രട്ടറി സി. എസ്സ് ഷെയ്ക്ക് ബിജു തുടങ്ങിയവർ പങ്കെടുത്തു.
കായംകളം നഗരസഭയിലെ കോയിപ്പള്ളി കാരായ്മ, ഐക്യ ജംഗ്ഷൻ എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ രണ്ട് നഗര ജാനകിയആരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.
മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കി കലവൂരിലെ ഐസൊലേഷൻ വാർഡ്
1,75,96,748 കോടി രൂപ ചെലവിലാണ് കലവൂർ എഫ്.എച്ച്.സിയിൽ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ച് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി 2,400 ചതുരശ്ര അടി വിസ്തീർണത്തിൽ 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
Share your comments