വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും വേഗം കേരള ബാങ്ക് ശാഖകൾ വായ്പ നൽകും. 158 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്.
ആദ്യമായാണ് നോർക്ക കേരള ബാങ്കുമായി ചേർന്ന് വായ്പാമേള സംഘടിപ്പിക്കുന്നത്.
കേരള ബാങ്ക് വയനാട് സിപിസി കോൺഫറൻസ് ഹാളിൽ നടന്ന മേള ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് കോഴിക്കോട് സെൻ്റർ മാനേജർ അബ്ദുൽ നാസർ വാക്കയിൽ പദ്ധതി വിശദീകരണം നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ
ചടങ്ങിന് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ സ്വാഗതവും അസിസ്റ്റൻറ് ജനറൽ മാനേജർ എം പി നസീമ നന്ദിയും പറഞ്ഞു.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം ) പദ്ധതി പ്രകാരം കേരള ബാങ്കിൻ്റെ പ്രവാസി കിരൺ വായ്പ പ്രകാരമാണ് മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
Share your comments