1. സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ഇത്തവണ എല്ലാ റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച് നടന്ന പ്രാഥമിക ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തപ്പോൾ ചെലവായത് 500 കോടി രൂപയാണ്.
കൂടുതൽ വാർത്തകൾ: 17,000 പെട്ടി തക്കാളിയ്ക്ക് 2.8 കോടി രൂപ: കോടീശ്വരനായി കർഷകൻ
എന്നാൽ ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷമായി ഉയർന്നു. ഇത് കനത്ത ബാധ്യതയാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും ദരിദ്രരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ 5.87 ലക്ഷം മഞ്ഞ കാർഡുകാരാണുള്ളത്. കൊവിഡ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻവർഷങ്ങളിൽ എല്ലാവിഭാഗക്കാർക്കും ഓണക്കിറ്റ് നൽകിയത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും.
2. തക്കാളിയ്ക്ക് പിന്നാലെ രാജ്യത്ത് ഇഞ്ചിവിലയും കുതിക്കുന്നു. ഡൽഹിയിലെ ചില്ലറ വിപണിയിൽ ഇഞ്ചിയ്ക്ക് 250 മുതൽ 300 രൂപ വരെ വില ഉയർന്നു. കർണാടകയിൽ 60 കിലോ ഇഞ്ചിയ്ക്ക് 13,000 രൂപയാണ് വില. കേരളം, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഇഞ്ചി കൃഷി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച് 200 രൂപയായിരുന്നു വില. കൊവിഡ് കാലം മുതലാണ് ഇഞ്ചിയുടെ ഡിമാൻഡ് വർധിച്ചത്. മൺസൂൺ കാലത്ത് കൃത്യമായി മഴ ലഭിക്കാത്തതാണ് ഇഞ്ചി ഉൽപാദനത്തെ ബാധിച്ചത്.
3. ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടി സൗദി അറേബ്യ. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 3.40 കോടി ഈന്തപ്പനകളിൽ നിന്നും 16 ലക്ഷം ടൺ ഈന്തപ്പഴം പ്രതിവർഷം ഉൽപാദിപ്പിക്കുന്നുണ്ട്. 121.5 കോടി റിയാൽ വിലയുള്ള ഈന്തപ്പഴമാണ് സൗദിയിൽ നിന്നും കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
Share your comments