ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മൻറ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഇനി ഇൻഷുറൻസ് എടുക്കുന്നതിന് പ്രായപരിധി ഉണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവർക്കും ഇൻഷുറൻസ് എടുക്കാം. ആദ്യം 65 വയസ്സായവർക്ക് മാത്രമേ ഇൻഷുറൻസ് പോളിസികൾ ലഭ്യമായിരുന്നുള്ളു.
ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതിന് പ്രായപരിധി ഇല്ലാത്തതിനാൽ പ്രായമായ മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാനാകും. ഇത് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നവരുടെ എണ്ണം ഉയർത്തുകയും ചെയ്യും. ഈ മാറ്റങ്ങൾ ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യത്തിലുള്ളത്.
രോഗബാധിതർക്ക് ഇൻഷുറൻസ് എടുക്കുന്നതിലും മാറ്റങ്ങൾ വരും. പ്രായഭേദമന്യേ ഇൻഷുറൻസ് അനുവദിക്കുന്നത് പ്രത്യേക പോളിസികൾ രൂപകൽപ്പന ചെയ്യാൻ കമ്പനികളെ നിർബന്ധിതരാക്കും.
എല്ലാ പ്രായക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നൽകുന്നുണ്ടെന്ന് ഇൻഷുറൻസ് കമ്പനികൾ ഉറപ്പാക്കണം. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി കമ്പനികൾ പ്രത്യേക പോളിസികൾ രൂപകൽപ്പന ചെയ്തേക്കാം. അതുപോലെ രോഗാവസ്ഥകൾ ഉള്ളവർക്കും മെഡിക്കൽ ഇൻഷുറൻസ് നിരസിക്കരുതെന്ന് നിർദേശമുണ്ട്.
ക്യാൻസർ ബാധിതർക്കും, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും വൃക്ക രോഗികൾക്കും ഒന്നും ഇൻഷുറൻസ് കമ്പനികൾ നേരത്തെ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നില്ല. ഈ സ്ഥിതിക്കും മാറ്റം വരും. പുതിയ വിജ്ഞാപനമനുസരിച്ച് ഇൻഷുറൻസ് പ്രീമിയം പോളിസി ഉടമകളുടെ സൗകര്യാർത്ഥം തവണകളായി ഇനി അടയ്ക്കാം.
ഒന്നിലധികം പോളിസികൾ എടുക്കുന്നതിനും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിനുമാകും. പക്ഷേ മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും വേഗത്തിലാക്കേണ്ടതായി വരും. ഇതിന് പ്രത്യേക സംവിധാനം രൂപീകരിച്ചേക്കാം.
Share your comments