തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
വികസിത് ഭാരത് യാത്രയുടെ ഏറ്റവും വലിയ നേട്ടം കാര്‍ഷിക മേഖലയില്‍ സാധ്യമായ ഏറ്റവും മികച്ച ഇടപാടുകള്‍ നേടുന്നതിനായി കര്‍ഷകര്‍ ചെറുസംഘങ്ങളായി സംഘടിച്ചുവെന്നതാണെന്ന് പഞ്ചാബ് ഗുര്‍ദാസ്പൂരിലെ ഗുര്‍വീന്ദര്‍ സിംഗ് ബജ്വ പ്രധാനമന്ത്രിയോട് പറഞ്ഞു. തന്റെ കര്‍ഷക സംഘം വിഷരഹിത കൃഷിക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനായി യന്ത്രങ്ങള്‍ക്കുള്ള സബ്സിഡി ലഭിച്ചതായും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇത് ചെറുകിട കര്‍ഷകരെ 'പറളി' (വിള അവശിഷ്ടം) പരിപാലനത്തിലും മണ്ണിന്റെ ആരോഗ്യത്തിലും സഹായിച്ചു. ഗവണ്‍മെന്റിന്റെ സഹായം മൂലം ഗുരുദാസ്പൂരില്‍ പറളി കത്തിച്ച സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി ശ്രീ ബജ്വ അറിയിച്ചു. എഫ്പിഒയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടക്കുന്നുണ്ട്. കസ്റ്റം ഹയറിംഗ് സ്‌കീം 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചെറുകിട കര്‍ഷകരെ സഹായിക്കുന്നു.
തനിക്ക് ശരിയായ പിന്തുണ ലഭിക്കുമെന്ന് ഇപ്പോള്‍ കര്‍ഷകന് തോന്നുന്നു, ശ്രീ ബജാവ കൂട്ടിച്ചേര്‍ത്തു. 'മോദി ഹേ തൊ മുംകിന്‍ ഹേ' (മോദിയുണ്ടെങ്കില്‍ സാധ്യമാണ്) എന്ന നിലയില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നതാണെന്ന് കര്‍ഷകന്‍ പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍, കര്‍ഷകര്‍ തന്റെ അഭ്യര്‍ത്ഥനകള്‍ ശ്രദ്ധിക്കുന്നതിനാലാണ് ഇത് സാധ്യമായതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സുസ്ഥിര കൃഷിക്കുള്ള തന്റെ അഭ്യര്‍ത്ഥന പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
''നമ്മുടെ ഗുരുക്കന്മാരുടെ ഉപദേശപ്രകാരം നാം കൃഷി ചെയ്യണം, ഭൂമിയെ സംരക്ഷിക്കണം. കാര്‍ഷിക മേഖലയില്‍ ഗുരുനാനാക്ക് ദേവ്ജിയുടെ പഠിപ്പിക്കലുകള്‍ക്കപ്പുറം ഒന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ് യാത്രയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, 'മോദിയുടെ ഗാരന്റിയുടെ വാഹനം' അവസാനത്തെ ഗുണഭോക്താവില്‍ എത്തുന്നതുവരെ നിര്‍ത്തില്ല.
Share your comments