കുടുംബശ്രീയുമായി ചേർന്ന് കെ എസ് ആർ ടി സി നടപ്പിലാക്കുന്ന 'ഫുഡ് ഓൺ വീൽസ് ' പദ്ധതിയുടെ ഭാഗമായി പഴയ കെ എസ് ആർ ടി സി ബസ്സുകൾ കുടുംബശ്രീ കഫേകൾ ആയി മാറ്റുന്നതിന് വേണ്ട നടപടികൾ തുടങ്ങി. നിലവിൽ തിരുവനന്തപുരത്തു ഒരു പിങ്ക് കഫെ ആരംഭിച്ചിട്ടുണ്ട്. കഫെ കുടുംബശ്രീ എന്ന പേരിൽ മറ്റൊരു സ്ക്രാപ്പ് ബസ്സ് കഫെ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ പഴയ ബസ്സുകളെ രൂപമാറ്റം വരുത്തി കഫേകൾ, മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ, സർവീസ് കിയോസ്‌ക്കുകൾ എന്നിവയും ആരംഭിക്കാൻ പദ്ധതിയുണ്ട്. എല്ലാ ജില്ലകളുടെ സഹകരിച്ചു പ്രവർത്തിക്കാൻ കെ എസ് ആർ ടി സി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒരു ബസ്സിന് ഒരു ലക്ഷം രൂപ അഡ്വാൻസ് തുക, 20000 രൂപ മാസ വാടക , എന്നിവ കുടുംബശ്രീ യൂണിറ്റുകൾ കെ എസ് ആർ ടി സി ക്കു നൽകേണ്ടതാണ്. ഇന്റീരിയർ അടക്കം ഒരു ബസ്സ് കഫെ പ്രവർത്തിക്കുന്നതിന് 3 മുതൽ 4 ലക്ഷം രൂപ വരെ ഒരു യൂണിറ്റിന് ചെലവ് വരും. കുടുംബശ്രീ നൽകുന്ന സാമ്പത്തിക സഹായം (സി എഫ് ഇ , പിങ്ക് കഫെ മുതലായവ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ഫണ്ടുകൾ )നൽകിയാണ് ഇത്തരം യൂണിറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നത്.
ബസ്സുകൾ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ കെ എസ് ആർ ടി സി വഹിക്കുന്നതാണ്. ഇന്റീരിയർ, ബസ്സിന് പുറത്തുള്ള ഡിസൈൻ , യൂണിറ്റുകളുടെ ബന്ധപ്പെട്ട പ്ലംബിങ്ങ് ,ഇലക്ട്രിക്കൽ , വാട്ടർ കണക്ഷനുകൾ/വർക്കുകൾ മാലിന്യ നിർമ്മാർജനം എന്നിവ കുടുംബശ്രീ യൂണിറ്റുകൾ ഏറ്റെടുത്തു ചെയ്യണം.
ഇത്തരത്തിൽ യൂണിറ്റുകൾ രൂപീകരിക്കുവാൻ താൽപര്യപ്പെടുന്ന സംരംഭകരെ / കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തി , ജില്ലാ ട്രാൻസ്‌പോർട് ഓഫീസറുമായി സഹകരിച്ചു എല്ലാ ജില്ലയിലും ഒന്നോ രണ്ടോ യൂണിറ്റുകൾ തുടങ്ങണമെന്നാണ് ജില്ലാ കുടുംബശ്രീ മിഷനോട് സംസ്ഥാന കുടുംബശ്രീ മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.താല്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ തങ്ങളുടെ സി ഡി എസ് ചെയർപേഴ്സണെ അറിയിക്കൂ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എൽ.ഐ.സി ജീവൻ ലാഭ്: പോളിസിയിൽ നിന്ന് മികച്ച റിട്ടേൺ ആഗ്രഹിയ്ക്കുന്നവര്‍ക്ക്
Share your comments