ഉത്സവ സീസൺ പ്രമാണിച്ച് എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ എന്നി സർക്കാർ ബാങ്കുകൾ 0.65% വരെ കുറഞ്ഞ പലിശ നിരക്കിൽ പുതിയ ഭവന, വാഹന വായ്പകൾ നൽകുന്നു. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമുള്ള കാര്യമാണ്. കൂടുതൽ വിശദമായി നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: SBI- ൽ പിപിഎഫ് അക്കൗണ്ട് എങ്ങനെ തുടങ്ങാം? പൂർണ വിവരങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ദീപാവലി പ്രമാണിച്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. 2023 സെപ്റ്റംബർ ഒന്നു മുതലാണ് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നത്. വരുന്ന ഡിസംബർ 31 വരെ ഓഫർ ലഭ്യമാകുമെന്നും എസ്ബിഐ അറിയിച്ചു. എത്രത്തോളം ക്രെഡിറ്റ് സ്കോർ ഉയർന്നതാണോ അതനുസരിച്ച് ഉയർന്ന തോതിൽ പലിശ നിരക്കിൽ ഇളവും പ്രതീക്ഷിക്കാം. പ്രത്യേക ഓഫർ പ്രകാരം, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക്, 65 അടിസ്ഥാന പോയിന്റ് അഥവാ 0.65 ശതമാനം വരെ നിലവിലുള്ള പലിശ നിരക്കിൽ നിന്നും ഇളവ് നേടാനാകും. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനായി എസ്ബിഐ പിന്തുടരുന്നത് സിബിൽ റിപ്പോർട്ടാണ്.
ഹോം ലോൺ ടേക്കോവർ, റീസെയിൽ അല്ലെങ്കിൽ റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോപ്പർട്ട് ലോണുകളിൽ, ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 20 അടിസ്ഥാന പോയിന്റ് അഥവാ 0.2 ശതമാനം അധിക പലിശ ഇളവ് അനുവദിക്കുമെന്നും എസ്ബിഐ അറിയിച്ചു. ഇതു ശൗര്യ, ശൗര്യ ഫ്ലെക്സി വിശിഷ്ട്, ശൗര്യ ഫ്ലെക്സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ അധിക ആനുകൂല്യം ലഭിക്കുക.
പഞ്ചാബ് നാഷണൽ ബാങ്ക്
ദീപാവലിയുടെ പശ്ചാത്തലത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് (PNB), 'ദീപാവലി ധമാക്ക 2023' എന്ന ആനുകൂല്യം ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിലെ സാമ്പത്തിക ഇടപാടുകളിൽ പരമാവധി പണം ലാഭിക്കുന്നതിനായി ഉപകരിക്കുന്ന പദ്ധതിയെന്നാണ് ബാങ്ക് ഈ ഓഫറിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും ഭവന വായ്പകളിലും വാഹന വായ്പകളിലുമായാണ് ഇത്തവണത്തെ ദീപാവലിക്ക് പിഎൻബി ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. വീട് വാങ്ങുന്നതിനും മറ്റുമായി വായ്പ തേടുന്നവരിൽ നിന്നും മുൻകൂറായി പ്രോസസിങ് ചാർജുകളോ ഡോക്യുമെന്റേഷൻ ചാർജുകളോ ഈടാക്കില്ലെന്ന് പിഎൻബിയുടെ ദീപാവലി ഓഫറിൽ വ്യക്തമാക്കുന്നു. അതുപോലെ 8.4 ശതമാനം പലിശ നിരക്ക് മുതൽ ഭവന വായ്പ ലഭ്യമാകുമെന്നും പിഎൻബി അറിയിച്ചു.
ദീപാവലി ഓഫറിൽ 8.7 ശതമാനം പലിശ നിരക്ക് മുതൽ വാഹന വായ്പ നൽകുമെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വാഗ്ദാനം. ലോണിന്റെ ഭാഗമായുള്ള പ്രോസസിങ് ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഡോക്യുമെന്റേഷൻ ചാർജുകളിലും ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് പിഎൻബി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ അടുത്തുള്ള ശാഖ സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1800 1800, 1800 2021 എന്നിവയിൽ വിളിച്ചു ചോദിക്കാവുന്നതുമാണ്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ, ഉത്സവ സീസണിനോടനുബന്ധിച്ച് നേരത്തെ ആരംഭിച്ച പ്രത്യേക ഓഫർ 2023 ഡിസംബർ 31 വരെ പ്രാബല്യത്തിലുണ്ടാകും. 'ഫീലിങ് ഓഫ് ഫെസ്റ്റിവൽ വിത്ത് ബിഒബി' എന്ന പേരിലുള്ള പ്രത്യേക ഓഫറിൽ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഉത്സവ സീസണിലെ പ്രത്യേക ഓഫറിന്റെ ഭാഗമായി ഭവന വായ്പകൾ 8.4 ശതമാനം പലിശ നിരക്ക് മുതൽ ലഭ്യമാകുമെന്നാണ് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ ഭവന വായ്പകളിൽ പ്രോസസിങ് ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്. അതുപോലെ ഓഫർ പ്രകാരം, വാഹന വായ്പകൾ 8.7 ശതമാനം നിരക്ക് മുതൽ ലഭ്യമാകുമെന്ന് പൊതുമേഖല ബാങ്ക് വ്യക്തമാക്കി. കൂടാതെ പ്രോസസിങ് ഫീസും ഇളവ് ചെയ്തു.
Share your comments