കണ്ണൂർ : ഓണത്തിന് ആവശ്യമായ പൂക്കൾ ജില്ലയിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച 'പൂക്കാലം വരവായി' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർവഹിച്ചു. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ ചോലക്കരിയിലെ കൃഷിയിടത്തിൽ പൂച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. സംസ്‌കാര സംഘത്തിന്റെ നേതൃത്വത്തിലാണ് ആദ്യ കൃഷി ആരംഭിച്ചത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 200 ഏക്കർ സ്ഥലത്താണ് പൂകൃഷി നടത്തുന്നത്. ആദ്യഘട്ടത്തിൽ ചെണ്ടുമല്ലി, വാടാമല്ലി എന്നിവയാകും നട്ടുവളർത്തുക. ഒരു ലക്ഷത്തോളം തൈകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഓണക്കാലത്ത് പൂക്കൾക്കായി ഇതരസംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി സ്വയം നട്ടുവളർത്തിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയും വിവിധ സംഘടനകളുമുൾപ്പെടെ 90 സംഘങ്ങൾ മുഖാന്തിരം 60 ദിവസത്തിനുള്ളിൽ പൂകൃഷി വിളവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ വീടുകളിലേക്കും പൂകൃഷി പദ്ധതി വ്യപിപ്പിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി കെ സുരേഷ് ബാബു, തോമസ് വർഗീസ്, പി കെ സരസ്വതി, ജില്ലാ കൃഷി ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Share your comments