ചിങ്ങം ഒന്ന് കർഷക ദിനമായി ബന്ധപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ വെച്ച് കാർഷിക കർമ്മസേനയിലെ അംഗങ്ങൾക്ക് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉത്സവബത്തയായി ഭക്ഷ്യധാന്യ കിറ്റും , ക്യാഷ് അവാർഡും വിതരണം ചെയ്തു.
കൊല്ലം കോർപ്പറേഷൻ സംഘടിപ്പിച്ച ഓണചന്തയോട് അനുബന്ധിച്ച് അതിന്റെ ഭാഗമായി പ്രവർത്തിച്ച കർമ്മസേനയിലെ അംഗങ്ങൾക്ക് ആണ് ഉത്സവബത്ത നൽകിയത്.
കൊറോണയുടെ അതിപ്രസരം മൂലം പലപ്പോഴും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടുപോയ കർമ്മസേന അംഗങ്ങൾക്ക് ഒരു കൈത്താങ്ങായാണ് ഇത് നൽകിയത്.
ഇതൊരു സേവനമേഖല ആയതുകൊണ്ട് മറ്റ് പ്രസ്ഥാനങ്ങളെ പോലെ ബോണസ് പോലുള്ള ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല. എന്നാൽ ഈ വർഷം അതിനു ബദലായാണ് ഓണക്കിറ്റും അഞ്ചു കിലോ അരിയും ക്യാഷ് അവാർഡും ഉൾപ്പെടെ നൽകാൻ തീരുമാനിച്ചത് എന്ന് കർമ്മ സേന സെക്രട്ടറി ജവഹർ പറഞ്ഞു.
കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
കൃഷിയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക കർമ്മസേന രൂപീകരിച്ചത്. 3 സെന്റ് മുതൽ 10 സെന്റ് വരെ മട്ടുപ്പാവ് കൃഷി ഉൾപ്പെടെ ചെയ്യുന്നതിൽ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയുള്ള കാർഷിക കർമ്മ സേനയിൽ ഇന്ന് ഏകദേശം പതിനഞ്ചോളം ടെക്നീഷ്യന്മാർ ഉണ്ട്.
ഗ്രോബാഗ് കൃഷി മുതൽ തെങ്ങുകയറ്റം വരെ വിദഗ്ധമായി ആയി ചെയ്തുകൊടുക്കുന്ന ടെക്നിക്കൽ ടീം എന്നതിനുപരി ഒരു സാമൂഹിക പരിവർത്തനത്തിന് കാരണഭൂതരായി മാറിയിരിക്കുന്നു ഇന്ന് കൊല്ലത്തെ ഈ കാർഷിക കർമസേന .
വരുംദിനങ്ങളിൽ കർമ്മ സേന അംഗങ്ങൾക്ക് അതാത് മേഖലകളിൽ കൂടുതൽ വിദഗ്ധമായ പരിശീലനം നൽകി കൃഷിയെ ജില്ലയിൽ വ്യാപകമാക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കുമെന്ന് ട്രഷറർ കുരീപ്പുഴ അജിത്ത് പറഞ്ഞു.
സാംബൻ കെ ഊട്ടുപുരയിൽ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജവഹർ സ്വാഗതം പറഞ്ഞു. കൊല്ലം കൃഷിഭവൻ അഗ്രികൾച്ചർ ഫീൽഡ് ഓഫീസറായ പ്രകാശൻ ടി ആശംസകൾ നേർന്നു. ട്രഷറർ അജിത് കുരീപ്പുഴ നന്ദി പ്രകാശിപ്പിച്ചു.
Share your comments