കൊല്ലം ജില്ല കൃഷിഭവൻറെ നേതൃത്വത്തിൽ കൊല്ലം ടൗൺ ഹാളിന് സമീപം
ഓണത്തിനോടനുബന്ധിച്ച് നടക്കുന്ന കർഷക ചന്തയിൽ അഭൂതപൂർവമായ തിരക്ക്. കൊല്ലം കോർപ്പറേഷൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം പേരാണ് ആഗസ്റ്റ് 17ന് തുടങ്ങിയ ഈ കർഷക ചന്തയിൽ എത്തുന്നത്.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും അതോടൊപ്പം ഉപഭോക്താക്കൾക്ക് നല്ല വിലക്കുറവിൽ പച്ചക്കറികൾ വാങ്ങിക്കാനും കഴിയും എന്നതാണ് ഇതിൻറെ പ്രത്യേകത.
കർഷകരിൽ നിന്ന് 10% അധിക വില കൊടുത്ത് വാങ്ങുന്ന പച്ചക്കറികൾ 30% വിലക്കുറവിൽ ഉപഭോക്താവിന് ഇവിടെ നിന്ന് വാങ്ങിക്കാം.
ജൈവരീതിയിൽ കൃഷി ചെയ്ത ഈ ഉത്പന്നങ്ങൾ മറ്റു ചന്തകളിൽ നിന്ന് വിഭിന്നമായി വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നതിനാൽ അറിയുന്തോറും ധാരാളം പേർ ദിനംപ്രതി പച്ചക്കറികൾ വാങ്ങാൻ ഇവിടെയെത്തുന്നു. കർഷകചന്ത വിജയിപ്പിക്കാൻ കൃഷിവകുപ്പിലെ മുഴുവൻ ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ഇടവേള പോലുമില്ലാതെ പരിശ്രമിക്കുന്നത് കൊല്ലത്ത് കാർഷിക വിപണന മേളക്ക് ഊർജ്ജം പകരുന്നു.
കൊല്ലം കൃഷിഭവൻ അഗ്രികൾച്ചർ ഫീൽഡ് ഓഫീസറായ പ്രകാശ് ടിയുടെ നേതൃത്വത്തിൽ അഗ്രികൾച്ചർ അസിസ്റ്റന്റ്മാരായ പ്രമോദും, ജയശ്രീയും, ബിജുകുമാർ ബി.കെയും വർദ്ധിച്ച തിരക്കിനിടയിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃമായി അപ്പപ്പോൾ തന്നെ വളരെ വേഗത്തിൽ പച്ചക്കറികൾ അളന്നു തൂക്കി കൊടുക്കുന്ന കാഴ്ച വളരെ പ്രശംസനീയമാണ്.
ചിങ്ങം 1 കർഷക ദിനത്തിൽ കൊല്ലത്തിന്റെ ആരാധ്യയായ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തപ്പോൾ മുതൽ തന്നെ ആൾക്കാരുടെ തിക്കും തിരക്കും എല്ലാവർക്കും വലിയൊരു കൗതുകമായിരുന്നു. കൊല്ലം ജില്ല കൃഷി ഓഫീസർ ഷീല കർഷകചന്ത സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
അമര, കത്തിരി, വഴുതന, വെണ്ട, പാവയ്ക്ക, പയർ, മത്തൻ, പച്ചമുളക്, വെള്ളരി, പടവലം, കറിക്കായ, പൊന്തൻ കായ, മാങ്ങ, ക്യാരറ്റ്, ബീൻസ്, കോവൽ, തക്കാളി, തടിയൻ കാ, ക്യാബേജ്, കറിനാരങ്ങ, മുരിങ്ങ , ഇഞ്ചി, ബീറ്റ്റൂട്ട്, ചേമ്പ്, ചേന, സവാള, ചെറിയ ഉള്ളി, ഉരുളൻ കിഴങ്ങ്, നേന്ത്രക്കായ, പാളയംകോടൻ, ഞാലി , കപ്പപ്പഴം, ചുരയ്ക്ക, കുമ്പളം എന്നിവ ഇവിടെ തോട്ടത്തിൽ നിന്ന് പുതുമയോടെ ലഭിക്കുന്ന അതേ രീതിയിൽ തന്നെ വാങ്ങാൻ കഴിയും എന്നതും വലിയൊരു സവിശേഷതയാണ്.
സാധാരണ തമിഴ്നാട്ടിൽ നിന്നും മറ്റും മരുന്നടിച്ച് വരുന്ന പച്ചക്കറികളെക്കാൾ കൃഷിയിടത്തിൽ നിന്ന് നേരിട്ട് ചന്തയിലേക്ക് എന്ന സാധാരണക്കാരൻറെ സ്വപ്നം യാഥാർഥ്യമാകുന്നത് ഇവിടെ നമുക്ക് കാണാൻ കഴിയും. ആഗസ്റ്റ് 20 വരെ കർഷക ചന്ത ഉണ്ടായിരിക്കും എന്ന് കൊല്ലം ഫീൽഡ് ഓഫീസർ അറിയിച്ചു .
Share your comments