- നോളജ് മിഷൻ പദ്ധതിയുടെ നൈപുണ്യ പരിശീലനത്തിന് കിഫ്‌ബി വക 2,000 കോടിയുടെ ധനസഹായം. പദ്ധതി വഴി യുവതലമുറയ്ക്ക് തൊഴിൽ അഭിരുചി ഉയർത്തുകയാണ് കേരള നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം. സൗകര്യങ്ങൾക്കും അധ്യാപക പരിശീലനത്തിനുമാണ് കിഫ്‌ബി തുക അനുവദിച്ചത്. പദ്ധതി രേഖയ്‌ക്ക് കേരള നോളജ് ഇക്കണോമി മിഷൻ അംഗീകാരം നൽകി. പദ്ധതിയിലേക്ക് 354 ഏജൻസികളും ഏഴ് സർവകലാശാലയും സഹകരണം ഉറപ്പ് നൽകി. കേരളത്തിലെ 29,46,420 പേർക്ക് അഞ്ചുവർഷത്തിനുള്ളിൽ നൈപുണ്യ പരിശീലനം നൽകാനാണ് ലക്ഷ്യം. ആർട്‌സ് ആൻഡ് സയൻസ്, എൻജിനിയറിങ്, പോളിടെക്‌നിക് കോളേജുകളുടെ സഹായത്തോടെ പരിശീലനം നൽകാനാണ് തീരുമാനം. അധ്യാപകർക്ക് പരിശീലനവും സ്‌കോളർഷിപ്പും ഉറപ്പാക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നോളജ് മിഷന്റെ അക്രഡിറ്റേഷനുള്ള പരിശീലകരാകാനും അവസരമുണ്ട്.
- പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് കത്തയച്ചു. വാക്സിൻ നൽകിയിട്ടും പേവിഷബാധയേറ്റവരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് കത്തിൽ പറയുന്നു. വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉൾപ്പെടെ ചേർത്താണ് കത്തയച്ചത്. വാക്സിൻ നൽകിയിട്ടും റാന്നിയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
- സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി. എന്‍ഡോസള്‍ഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. 2022-23 സാമ്പത്തിക വർഷത്തേക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്ക് നല്‍കുന്ന പ്രതിമാസ തുക, ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, എന്‍ഡോസള്‍ഫാൻ ബാധിച്ച കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ എന്‍ഡോസള്‍ഫാൻ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ സഹായം, പ്രത്യേക ആശ്വാസകിരണം പദ്ധതി, ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചത്.
- ഓരു ജലകൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനൻ നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭ കണ്ടങ്കാളി കുറുങ്കടവ് പുഴ സ്വദേശി എം.കമലയാണ് കരിമീൻകൃഷി ചെയ്തത്. ഫിഷറീസ് വകുപ്പ് സുഭിക്ഷകേരളം 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 3,40,000 രൂപ ചിലവ് വരുന്ന പദ്ധതിക്ക് 40% സബ്സിഡി നൽകുന്നുണ്ട്. ജനകീയ മത്സ്യകൃഷി, കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി എന്നിവയിലുൾപ്പെടുത്തി നിരവധി കർഷകരാണ് നഗരസഭയിൽ മത്സ്യ കൃഷി നടത്തുന്നത്.
- ഓണം വിപണി ലക്ഷ്യമാക്കി വിതുര സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ചെയ്ത പൂകൃഷി വിളവെടുത്തു. പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത കൃഷിയ്ക്ക് കാലാവസ്ഥ തടസമായെങ്കിലും മികച്ച വിളവാണ് ലഭിച്ചത്. തികച്ചും ജൈവരീതിയിലായിരുന്നു കൃഷി.
- ഇലക്കറി വിളകളിലെ കൃഷി മുറകൾ വിഷയത്തിൽ പരിശീലനം. ഈ മാസം 28, ഒക്ടോബർ 19, 26 എന്നീ തിയതികളിലാണ് പരിശീലനം നടക്കുക. ചീര, മുരിങ്ങ, ബാസെല്ല ചീര, ചെക്കുർമാണിസ്, സാമ്പാർ ചീര, മല്ലി, തഴുതാമ, ഉലുവയില തുടങ്ങിയ ഇലക്കറി വിളകളുടെ കൃഷി മുറകളെ കുറിച്ച് കേരള കാർഷിക സർവകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തിയാണ് സൗജന്യമായി ഓൺലൈൻ പരിശീലനം നടത്തുന്നത്. ഈ മാസം 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കേരള സർവകലാശാല വിദഗ്ധരാണ് ക്ലാസ് എടുക്കുക. കുടുതൽ വിവരങ്ങൾക്ക് Central Training Institute, Mannuthy എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
- റബ്ബറുത്പന്ന നിർമാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി റബ്ബര്‍ ബോര്‍ഡ് ‘വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16-നാണ് സമ്മേളനം. ഇന്ത്യന്‍ വിപണിയിലെ പുതിയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ. മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർ വിടിഎഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. അല്ലാത്ത പക്ഷം രജിസ്റ്റ്രേഷന് വേണ്ട അപേക്ഷയും ഉത്പന്നങ്ങളുടെ ലിസ്റ്റും vtf2021@Rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
- വിഷരഹിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിലെത്തിക്കാൻ സംയോജിത കൃഷി പ്രയോജനകരമാകുമെന്ന് മുൻമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. സംയോജിത കൃഷി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായത്ത് ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് സമൂഹത്തിന്റെ ആരോഗ്യകരമായ ഇടപെടലാണ് സംയോജിത കൃഷി സംവിധാനമെന്നും വിഷരഹിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിലെത്തിക്കാൻ സംയോജിത കൃഷി ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, ട്രഷറർ ഡി.കെ. മുരളി എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി ഇ.എ.സലിം, സംയോജിത കൃഷി സംസ്ഥാന കോ ഓർഡിനേറ്റർ ശിവകുമാർ, ബി.ബാലചന്ദ്രൻ, ജി.രാജേന്ദ്രൻ, എം.എസ്.രാജു, ആർ.അനിൽ, എം.എം.സാലി, എ.യശോധരൻനായർ എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
- ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞതായി റിപ്പോർട്ടുകൾ. കയറ്റുമതി 1.15 ശതമാനം കുറഞ്ഞതായും, ഇറക്കുമതിയിൽ 37 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിക്കുന്നതിന് കാരണമായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 33 ശതകോടി ഡോളറാണ് ഈ വർഷം ആഗസ്റ്റിലെ കയറ്റുമതി. കഴിഞ്ഞ വർഷം ഇത് 33.38 ശതകോടി ഡോളറായിരുന്നു. ഇറക്കുമതി 45.09 ശതകോടിയിൽ നിന്ന് 61.68 ശതകോടിയായി ഉയർന്നു. 37 ശതമാനമാണ് ഇറക്കുമതി വർധന. അതേ സമയം, നടപ്പുസാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വ്യാപാരക്കമ്മി 250 ശതകോടി ഡോളറാകുമെന്നാണ് വിലയിരുത്തൽ.
- ഓണാഘോഷത്തിൽ വിദേശ മലയാളികൾക്ക് മാംഗോ ഹൈപ്പറിൽ നിന്നും കുറഞ്ഞ വിലയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാകും. കുവൈത്തിലെ റീട്ടയിൽ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ മാംഗോ ഹൈപ്പറിൽ നിന്നും വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഓണസദ്യ തയാറാക്കാൻ ആവശ്യമായ വസ്തുക്കളും പ്രത്യേക വിലക്കുറവിൽ വാങ്ങാം. എല്ലാ മലയാളികൾക്കും ഓണാഘോഷത്തിന് ഏറ്റവും കുറഞ്ഞ വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചത്. മാംഗോ ഹൈപ്പറിന്റെ കുവൈത്തിലെ എല്ലാ ശാഖകളിലും വിലക്കുറവ് ലഭ്യമാണ്. തുണിത്തരങ്ങൾ, ഗ്രോസറി, വിവിധ ഭക്ഷ്യ, മാംസ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയും ആകർഷകമായ വിലക്കുറവിൽ ലഭിക്കും. മാംഗോ ഹൈപ്പറിന് കുവൈത്തിൽ ഹവല്ലി, ജിലീബ്, ഫർവാനിയ, ഹസാവി, മഹബൂല എന്നിവിടങ്ങളിലായി അഞ്ച് ശാഖകളാണുള്ളത്. വൈകാതെ കുവൈത്തിൽ കൂടുതൽ ശാഖകൾ തുറക്കുമെന്നും മാംഗോ ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കർണാടകയ്ക്കും സമീപപ്രദേശങ്ങളിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
Share your comments