വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'. 2022-23 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി പ്രകാരം എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെ ആരംഭിച്ചത് 394 സംരംഭങ്ങൾ.
ഇതുവഴി 1058 പേർക്ക് തൊഴിൽ ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന മണ്ഡലതല അവലോകന യോഗം ഉമാ തോമസ് എംഎൽഎ (Uma Thomas MLA) ഉദ്ഘാടനം ചെയ്തു.
കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ വകുപ്പിൻ്റെ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിൽ മികച്ച നേട്ടമാണ് തൃക്കാക്കര മണ്ഡലം കൈവരിച്ചതെന്ന് എംഎൽഎ പറഞ്ഞു. കുടുംബശ്രീ, റസിഡൻ്റ്സ് അസോസിയേഷനുകൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവർക്ക് പദ്ധതിയിൽ വലിയ പങ്കു വഹിക്കാൻ കഴിയും. എല്ലാവരെയും ഒന്നിച്ച് നിർത്തിയാൽ ഒരു വർഷം കൊണ്ട് 841 സംരംഭങ്ങൾ എന്ന ലക്ഷ്യത്തിൻ്റെ ഇരട്ടി നേടാൻ തൃക്കാക്കരയ്ക്ക് കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടനാട് വികസന ഏകോപന കൗൺസിൽ, സുഗന്ധദ്രവ്യ ബിസിനസ്സിലേക്ക് ചുവട് വച്ച് ഇലോൺ മസ്ക്; കൃഷി വാർത്തകൾ അറിയാം
പല സംരംഭകർക്കും തടസമായി വരുന്നത് ബാങ്കുകൾ തീർക്കുന്ന പ്രതിസന്ധികളാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ വരുന്നവർക്ക് എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കി നൽകണമെന്ന് ബാങ്ക് പ്രതിനിധികളോട് എംഎൽഎ അഭ്യർഥിച്ചു. കൂടാതെ സംരംഭങ്ങൾക്ക് വിപണന സാധ്യതകളെ കുറിച്ചുള്ള അവബോധം വ്യവസായ വകുപ്പിൻ്റെ ഹെൽപ്പ് ഡെസ്കുകൾ വഴി നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് യോഗത്തിൽ മുഖ്യാഥിതി ആയി. വ്യവസായ വകുപ്പിൻ്റെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വളരെ ഊർജിതമായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ബാങ്കുകൾ ഈ പദ്ധതിയുടെ നെടും തൂണായി പ്രവർത്തിക്കുന്നു. ലക്ഷ്യം കൈവരിക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ 46.84% സംരംഭങ്ങൾ മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 28.68 കോടി രൂപയുടെ നിക്ഷേപം നടന്നു. തൃക്കാക്കര നഗരസഭയിൽ 197 സംരംഭങ്ങളും കൊച്ചി കോർപറേഷനിൽ 197 സംരംഭങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ കെ.കെ ഇബ്രാഹീം കുട്ടി, വ്യവസായ വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ സജീന അക്ബർ, കണയന്നൂർ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ പി.നമിത, തൃക്കാക്കര നഗരസഭ വ്യവസായ വികസന ഓഫിസർ കെ.കെ ദീപ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, നിക്ഷേപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Share your comments