ബെംഗളൂരിൽ സവാളവില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധി നേരിടുന്നു.ഹുബ്ബള്ളി, ധാർവാഡ്, ഹാവേരി, ഗദഗ്, ബാഗൽകോട്ട്, ബെലഗാവി, ദാവൻഗരെ, ചിത്രദുർഗ, വിജയപുര എന്നീ ജില്ലകളിൽ മൊത്തവിതരണ മാർക്കറ്റിൽ സവാളയ്ക്കു കിലോയ്ക്ക് ഒരു രൂപയാണ് വില. കഴിഞ്ഞ ആഴ്ച അഞ്ചു രൂപയുണ്ടായിരുന്ന സ്ഥാനത്തു നിന്നാണ് ഒരു രൂപയിലേക്ക് കൂപ്പുകുത്തിയത്.സംസ്ഥാനത്തെ ഉത്പാദനത്തിന് പുറമേ മഹാരാഷ്ട്രയിൽ നിന്നും വൻതോതിൽ സവോള എത്തിയതിനെത്തുടർന്നാണ് വിലകുത്തനെ ഇടിഞ്ഞതെന്ന് കർഷകർ പറഞ്ഞു. ഈ വർഷം മികച്ച വിളവായിരുന്നു കിട്ടിയത്. ഉത്പാദനം കൂടിയപ്പോൾ പല മാർക്കറ്റുകളിളും സവാള കെട്ടിക്കിടക്കുകയായിരുന്നു. വിലയിടിഞ്ഞ തോടെ കർഷകർക്ക് ഉത്പാദനച്ചെലവ് പോയിട്ട് ഗതാഗതച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയാണ്.
കർണാടകയിൽ നിന്ന് കേരളം, തമിഴ്‌നാട് എന്നിവയ്ക്കു പുറമേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും സവാള കയറ്റുമതി ചെയ്യുന്നുണ്ട്. ’ഗജ’ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലേക്ക് സവാള കൊണ്ടുപോവാത്തതും വിലയിടിവിന് കാരണമായി.
കർഷകരുടെ രക്ഷയ്ക്കായി നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. വിലയിടിവിന് കാരണം പല കർഷകരും ആത്മഹത്യയുടെ വക്കിലാണെന്നും കർഷക സംഘടനകൾ പറഞ്ഞു. സവാള കൃത്യമായി ശേഖരിച്ചുവെയ്ക്കാനുള്ള സൗകര്യങ്ങളില്ലാത്തതും കർഷകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Share your comments