മറുനാടൻ തൊഴിലാളികളടക്കം മുൻഗണനാ വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യം മുടങ്ങാതെ ലഭിക്കുന്നതിന് ഏകീകൃത റേഷൻ കാർഡുപയോഗിച്ചുള്ള വിതരണ രീതികളെക്കുറിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകുന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ് സമ്പ്രദായവുമായി ബന്ധപ്പെട്ടാണ് വ്യാപാരികൾക്ക് ഓൺലൈൻ പരിശീലനം ഒരുക്കിയിട്ടുള്ളതെന്ന് പൊതുവിതരണ ഡയറക്ടറുടെ ഓഫീസ് അധികൃതർ പറഞ്ഞു.
നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി.) വീഡിയോ കോൺഫ്രൻസിങ് വഴി നടത്തുന്ന പരിശീലനത്തിൽ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർമാരും പങ്കെടുക്കും. തിങ്കളാഴ്ച മൂന്നിനാണ് ആദ്യ പരിശീലനം.
ഇതിനോടകം കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഏകീകൃത റേഷൻ കാർഡ് നിലവിൽ വന്നു. സംസ്ഥാനങ്ങൾക്ക് ഇതിനുള്ള സാമ്പത്തികസഹായവും അനുവദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിഹിതം 2,261 കോടിയാണ്.
മുൻഗണനാവിഭാഗത്തിന് (ചുവപ്പ്, മഞ്ഞ കാർഡുകൾ) രാജ്യത്ത് എവിടെനിന്ന് വേണമെങ്കിലും റേഷൻ ധാന്യങ്ങൾ വാങ്ങാവുന്നതരത്തിലാണ് ക്രമീകരണം.
റേഷൻകടകളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകുന്നത്. മുൻഗണനാവിഭാഗത്തിൽപ്പെട്ട തൊഴിലാളികളടക്കമുള്ളവർക്ക് ധാന്യം കൃത്യമായ അളവിൽ ലഭിക്കാനുള്ള അവകാശമടക്കമുള്ള കാര്യങ്ങളിൽ വ്യാപാരികൾക്ക് ബോധവത്കരണവും ഇ-പോസ് യന്ത്രത്തിലുള്ള പരിശീലനവും നല്കും. webcast.gov.in/mcafpd/dfpd എന്ന ലിങ്കിൽ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Share your comments