1. 2022 ഒക്ടോബറിൽ ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലൊ’ പദ്ധതി പ്രകാരം അനർഹമായി കൈവശം വെച്ച 1,41,929 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും, കാർഡ് ഉടമകളിൽ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിൽ 4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ച് അനർഹമായി കൈവശം വെച്ച കാർഡുകളെകുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
2. മായം കലര്‍ന്ന അനധികൃത കാലിത്തീറ്റകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. കേരള നിയമസഭാ സെലക്റ്റ് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലി, കോഴി തീറ്റകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിയമമാണ് കൊണ്ടുവരുന്നത് എന്നും, കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മായം കണ്ടെത്താന്‍ ഉന്നത നിലവാരത്തിലുള്ള ലാബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം ക്ഷീരസ്വാന്തനം ഇന്‍ഷുറന്‍സ് പദ്ധതി വീണ്ടും നടപ്പാക്കുമെന്നും, എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
3. രാജ്യത്തെ മൃഗ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കർഷകർക്കും, ഇനി 'മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്' ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് കന്നുകാലി വളർത്തൽ, പശു പരിപാലന, ആട് കോഴി വളർത്തൽ മേഖലയിൽ ജോലി ചെയ്യുന്ന കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നും, മൃഗ സംരക്ഷണമേഖലയിലെ കർഷകരുടെ പുനരുദ്ധാരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
4. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ കടുത്ത വേനലിലും, ജല ലഭ്യതക്കുറവുമൂലം കൊടിഞ്ഞി മേഖലയിലെ ഏക്കർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങിയതായി കർഷകർ പരാതിപ്പെട്ടു. കൊടിഞ്ഞി പ്രദേശത്തെ പുഞ്ച കൃഷിയാണ് കരിഞ്ഞുണങ്ങിയത്. ഞാറു നട്ടെങ്കിലും ചൂട് കൂടിയതിനാൽ വളർച്ച മുരടിച്ചു നിലയിലാണ് എന്ന് കർഷകർ പരാതിപ്പെട്ടു. അപ്രതീക്ഷിതമായി പെയ്ത മഴ മൂലം കൃഷി ഇറക്കാൻ വൈകിയെന്നും, എന്നാൽ നിലവിലെ കൊടും വേനൽ കൃഷിയിടങ്ങളെ വരണ്ടതാക്കുന്നുവെന്നും സർക്കാർ ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
5. കാർഷിക രംഗത്തു വാണിജ്യാടിസ്ഥാനത്തിൽ കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകർ, കർഷക സംഘങ്ങൾ, കാര്ഷികോത്പാദക കമ്പനികൾ, സ്വാശ്രയ കർഷക വിപണികൾ എന്നിവരെ വലിയ അളവിൽ കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നവർ, കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്ന വ്യക്തികൾ, ഏജൻസികൾ, ഫുഡ് പ്രോസസ്സേഴ്സ്, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവരുമായി ബന്ധിപ്പിച്ചുകൊണ്ട്, ഇരുവിഭാഗങ്ങൾക്കും ഗുണകരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന B2B മീറ്റ് ഏപ്രിൽ 27നു ഹരിപ്പാട്, ഹോട്ടൽ സൗഗന്ധികയിൽ വെച്ച് സംഘടിപ്പിക്കുന്നു.
മീറ്റിൽ Buyers ആയി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരെ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർ 9495584168 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
6 . കൊല്ലത്ത് ഒമ്പതാമത് ദേശീയ സരസ് മേള ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ നടത്തുന്നതിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ 130000 അടി സ്‌ക്വയര്‍ ഫീറ്റില്‍ ശീതികരിച്ച പ്രദര്‍ശന വേദി തയ്യാറാകുന്നു. നിര്‍മാണം ഏപ്രില്‍ 25 ഓടെ പൂര്‍ത്തിയാകുമെന്നും, 7500 ല്‍ അധികം കുടുബശ്രീ പ്രവര്‍ത്തകരും കുടുബാംഗങ്ങളും പങ്കെടുക്കുന്ന മെഗാ തിരുവാതിരയ്ക്ക് വേദി സാക്ഷ്യം വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ പ്രദര്‍ശനവും, വിപണനവും ലക്ഷ്യമിട്ട് 250 സ്റ്റാളുകളാണ് മേളയിൽ ഒരുക്കുന്നത്.
7. സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് കളമശ്ശേരിയിൽ നാളെ ആരംഭിക്കും. കളമശ്ശേരി സമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള 'ഷീ സ്റ്റാർട്‌സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
8. രാജ്യത്തിന്റെ റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് റബ്ബര്‍ ആക്ട് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. രാജ്യത്തിന്റെ അഭിമാനമായ റബ്ബര്‍ വ്യവസായത്തിന്‍റെ വളര്‍ച്ചയിലും, പ്രകൃതിദത്ത റബ്ബറിന്‍റെ ഉത്പാദനത്തിലും, രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതില്‍ റബ്ബര്‍ ബോര്‍ഡ് വഹിച്ച പങ്കിനെ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അഭിനദിച്ചു
9. ഇന്ത്യയുടെ പരുത്തി ഉൽപ്പാദനം 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുമെന്ന് അറിയിച്ച് കോട്ടൺ അസോസിയേഷൻ ഓഫ് ഇന്ത്യ. 2022- 23 ഉത്പാദന വർഷത്തിൽ ഇന്ത്യയുടെ പരുത്തി ഉൽപ്പാദനം 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു തുടർച്ചയായ രണ്ടാം വർഷവും എത്തിയെന്നും, ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗത്തേക്കാൾ താഴെയായി കുറയുമെന്ന് സംഘടന അറിയിച്ചു. നിലവിലെ വിപണന വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരിൽ നിന്നുള്ള കയറ്റുമതി കുറയ്ക്കുകയും, ആഗോള വിലയെ ഇത് പിന്തുണയ്ക്കുകയും ചെയതുവെന്ന് ഒരു സ്വകാര്യ വ്യപാര സംഘടന വ്യക്തമാക്കി.
10. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ, 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിര്‍ജലീകരണം സംഭവിക്കുന്നത് തടയാന്‍ നിരന്തരം വെള്ളം കുടിക്കാനും, കുടിവെള്ളം കയ്യില്‍ കരുതാനും അറിയിപ്പിൽ പറയുന്നു. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: Warning: ഇന്ത്യയിൽ ഉടനീളം ചൂട് വർദ്ധിക്കുന്നു, മരണത്തിനു വരെ അപകടസാധ്യത!
Share your comments