കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാദക വിപണ ശൃംഖലയായ 'കൂപ്പു'മായി സഹകരിച്ചാണ് കുഫോസ് പദ്ധതി നടപ്പിലാക്കുക.
ഇന്ത്യന്‍ സീ ഫുഡ് എക്സ്‌പോര്‍ട്ട് അസോസിയേഷന്‍ തിരഞ്ഞെടുക്കുന്ന മത്സ്യ കര്‍ഷകരാണ് കയറ്റുമതി ചെയ്യാനുള്ള നാരന്‍ചെമ്മീന്‍ ജൈവ മാര്‍ഗത്തില്‍ കൃഷി ചെയ്യുക.. ഇവര്‍ക്ക് നാരന്‍ചെമ്മീന്‍ കുഞ്ഞുങ്ങളെ കുഫോസ് നല്‍കും. ഒപ്പം നൂറ് ശതമാനം ജൈവ മാര്‍ഗത്തില്‍ കൃഷി നടത്താനുള്ള പരിശീലനവും മത്സ്യം വളര്‍ത്താനുള്ള കുളം സജ്ജീകരിക്കാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാക്കും. ഇതിന്റെ മുന്നോടിയായി കൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കുന്ന മോഡല്‍ ജൈവ നാരന്‍ചെമ്മീന്‍ കൃഷി ഫാം കുഫോസ് കാമ്പസില്‍ താമസിയാതെ പ്രവര്‍ത്തനക്ഷമമാകുമെന്ന് കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് അറിയിച്ചു. ഈ മോഡല്‍ ഫാമിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള പൂര്‍ണമായും രോഗാണുവിമുക്തമായ ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക. ഈ കുഞ്ഞുങ്ങളെ ഉപയോഗിച്ച് കര്‍ഷകര്‍ ജൈവ മാര്‍ഗത്തിലൂടെ ഉത്പാദിപ്പിക്കുന്ന നാരന്‍ചെമ്മീന്‍ മുഴുവനും 'കൂപ്പ്' വാങ്ങും.
ഇന്ത്യന്‍ സീ ഫുഡ് അസോസിയേഷന്റെ അംഗീകാരത്തോടെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണ ഫാക്ടറികളില്‍ സംസ്‌കരിച്ച ശേഷമാണ് ജൈവ നാരന്‍ചെമ്മീനുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുക. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി സംബന്ധിച്ച ത്രികക്ഷി ധാരണാപത്രം ഒപ്പുവെയ്ക്കുമെന്ന് കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് പറഞ്ഞു.
കൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ റോളഡ് ഫ്രഫല്‍, ഗര്‍ഹാഡ് സര്‍ലട്ടര്‍, ദീപ ന്യൂവര്‍ എന്നിവരും കുഫോസിനെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ വി.എം. വിക്ടര്‍ ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി. ശങ്കര്‍, എമിനന്‍സ് പ്രൊഫസര്‍ ഡോ. കെ. ഗോപകുമാര്‍, ഡീന്‍ ഡോ. എം.എസ്. രാജു, അക്വാ കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. കെ. ദിനേഷ്, ഇന്ത്യന്‍ സീ ഫുഡ് എക്സ്‌പോര്‍ട്ട് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സ് നൈനാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കുഫോസില്‍ ചെമ്മീന്‍കൃഷി ചെയ്യുന്ന വിവിധ ജലാശയങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡ് സംഘം സന്ദര്‍ശിച്ചു. 25 ലക്ഷം അംഗങ്ങളും പടിഞ്ഞാറന്‍ യൂറോപ്പില്‍ വിപുലമായ വിപണി സാധ്യതയുമുള്ള സഹകരണ പ്രസ്ഥാനമായ കൂപ്പിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മാത്രം 2,213 വില്‍പ്പനശാലകളും 54,000 ജീവനക്കാരും ഉണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വില്‍ക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളില്‍ പകുതിയും കൂപ്പിന്റേതാണ്.
Share your comments