ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികൾക്ക് വേണ്ടി സമിതി അങ്കണത്തിൽ ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് നടീൽ ഉത്സവം നടത്തി. തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി അങ്കണത്തിൽ ജൈവ പച്ചക്കറി നടീൽ ഉത്സവത്തിൻറെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു.
ജനസംഖ്യയും ഉപഭോഗവും കൂടുന്തോറും സാധ്യമായ വിഭവശേഷി പ്രയോജനപ്പെടുത്തി നമുക്കാവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചാലേ വിലക്കയറ്റം നിയന്തിക്കാനാകൂ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലഭ്യമായ സ്ഥല സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പച്ചക്കറിത്തോട്ടങ്ങൾ സജ്ജീകരിച്ച് ഒരു പുത്തൻ കാർഷിക സംസ്‌കാരം ഉണ്ടാക്കാൻ മലയാളികൾ മുന്നോട്ടു വരണം. ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൃഷിയുടെ ആനുകൂല്യങ്ങൾ പറ്റാത്തവർ ആരുമില്ല.
ആരെങ്കിലും ഉണ്ടാക്കികൊണ്ടു വരട്ടെ എന്ന മലയാളിയുടെ മനസ്സ് അടിമുടി മാറി കഴിയുന്നത്ര നമ്മൾ കൂടി ഉണ്ടാക്കാൻ ശ്രമിക്കണം. പച്ചക്കറി, ഇലക്കറി, പഴവർഗ്ഗങ്ങൾ ഇവയുടെ വരവും കാത്ത് ഇരിക്കാതെ നമ്മുടെ നാട് സ്വയം പര്യാപ്തതയിലെത്തണം. ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ ഭാവിയും കരുതലും മുൻനിർത്തി ജൈവ പച്ചക്കറികൾ വിളയിപ്പിച്ച് പോഷക ഭക്ഷണം നൽകാൻ സമിതി മുൻകൈയെടുത്തത് ശ്ലാഘനീയമാണെന്നും, കേരളം സമിതിയെ മാതൃകയാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് വേണ്ടി ജൈവ പച്ചക്കറി വിളയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി അങ്കണത്തിലും സമിതിക്ക് കീഴിലെ 9 കേന്ദ്രങ്ങളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. സമിതി വൈസ് പ്രസിഡൻറ് പി. സുമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ സി. വിജയകുമാർ, ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികൾ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി, വൈസ് പ്രസിഡൻറ് പി. സുമേശൻ, ജോയിൻറ് സെക്രട്ടറി മീര ദർശക്, ട്രഷറർ കെ. ജയപാൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, അഡ്വ. യേശുദാസ് പറപ്പിള്ളി, എഫ്.ഐ.ബി. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആശ. എസ്. കുമാർ, മീഡിയ ലൈസൻ ഓഫീസർ അനിൽ ബി.കെ. തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി സ്വാഗതവും ട്രഷറർ കെ. ജയപാൽ നന്ദിയും പറഞ്ഞു.
Share your comments