ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ വേഗത്തില്‍ സംസ്‌കരിക്കുന്ന സാങ്കേതികവിദ്യ, 'ശുചിത', കേരള കാര്‍ഷിക സര്‍വകലാശാലയുടെ ദക്ഷിണ മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തു. ഒരു ജൈവമാലിന്യ അരവുയന്ത്രവും ഇരട്ട പുറംചട്ടയോടു കൂടിയ, താപനിയന്ത്രണ സംവിധാനമുള്ള സംസ്‌കരണ സംഭരണിയും അടങ്ങുന്നതാണ് ഇത്.
ഉറവിടത്തില്‍ വേര്‍തിരിച്ചെടുത്ത ജൈവമാലിന്യം അരവുയന്ത്രത്തില്‍ നിക്ഷേപിക്കുന്നു. സംസ്‌കരണ സംഭരണിയിലേക്കു വീഴുന്ന ജൈവമാലിന്യ മിശ്രിതത്തിലേക്ക് അര മണിക്കൂര്‍ ഇടവേളയില്‍ രണ്ടു രാസ സംയുക്തങ്ങള്‍ ചേര്‍ത്ത് 100 ഡിഗ്രി സെലഷ്യസില്‍ തിളപ്പിക്കണം. ഒരു മണിക്കൂര്‍നേരത്തെ താപ, രാസ പ്രക്രിയയിലൂടെ ജൈവമാലിന്യം വിഘടിച്ച്, പരിവര്‍ത്തനം പൂര്‍ത്തീകരിച്ച് ജൈവവളമായി ഉപയോഗിക്കാന്‍ പാകമാകും. ഇതില്‍ ചെറിയ തോതില്‍ ചകിരിച്ചോറ്, കരി എന്നിവ ചേര്‍ത്ത് ഉണക്കിയെടുക്കാം.
ഗാര്‍ഹിക മാലിന്യം അന്നന്നുതന്നെ സംസ്‌കരിച്ച് ഗുണമേന്മയുള്ള സമീകൃത ജൈവവളം തയാറാക്കാമെന്നതാണ് ഈ രീതിയുടെ പ്രധാന മെച്ചം. സംസ്‌കരിച്ചെടുത്ത ജൈവവളത്തിന് ദുര്‍ഗന്ധം ഉണ്ടാകില്ല. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഇത് തൊഴിലവസരവും വരുമാനമാര്‍ഗവുമാക്കാം. നഗരപ്രദേശങ്ങളിലും ഫ്‌ളാറ്റുകളിലും പച്ചക്കറിച്ചന്തകളിലും ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും മറ്റും ജൈവസംസ്‌കരണത്തിന് 'ശുചിത്വ' യന്ത്രം അനുയോജ്യമാണ്.
ഡോ. സി.ആര്‍. സുധര്‍മയീദേവി, ഡോ. കെ.സി. മനോരമ തമ്പാട്ടി, ഡോ. എന്‍. സെയ്ഫുദ്ദിന്‍, ഡോ. വി. ഗണേശന്‍ തുടങ്ങിയവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
Share your comments