 
            1. താന്നി കായലില്‍ 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധനവ്' പദ്ധതിക്ക് തുടക്കമായി. നാടന്‍ മത്സ്യ ഇനമായ കരിമീനിന്റെ 62,500 വിത്തുകളും പൂമീനിന്റെ 55,000 വിത്തുകളും കായലില്‍ നിക്ഷേപിച്ച് എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന-ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ് പദ്ധതികളുടെ ഭാഗമായാണിത്. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, തീരദേശ മത്സ്യബന്ധനഗ്രാമങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗവും സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുന്നതിനുമായി രണ്ട് കോടി രൂപ ചെലവഴിച്ചാണ് പദ്ധതിനടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആറ് മത്സ്യഗ്രാമങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ഇരവിപുരം സൗത്ത് മത്സ്യഗ്രാമം. ഇരവിപുരം തെക്കുംഭാഗം ഡിവിഷന്‍ കൗണ്‍സിലര്‍ സുനില്‍ ജോസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
2. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൃഗപരിപാലനത്തിലും കൃഷിരീതികളിലും താല്‍പര്യമുള്ളവര്‍ക്കായി പ്രാദേശികാടിസ്ഥാനത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പുല്‍കട വിതരണം, പാലും പാല്‍ ഉല്‍പന്നങ്ങളും, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്താല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, കാടപ്പക്ഷി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം നല്‍കുക. മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രസ്തുത മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, കുറഞ്ഞത് 30 പേരെ സംഘടിപ്പിക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗാശുപത്രികള്‍, പദ്ധതിയുളള പഞ്ചായത്തുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലനം നടത്താനാവശ്യമായ ഹാള്‍ സൗകര്യം അപേക്ഷകര്‍ ഒരുക്കേണ്ടതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ട്രെയിനിങ്ങ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍-2 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വഴിയോ ജൂലൈ 31 -ാം തീയതി വൈകുന്നേരം നാലു മണിക്കകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 0497 2763473.
3. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 30-ാം തീയതി വരെ ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments