
തൃശൂര് ജില്ലയില് സപ്ലൈകോ നെല്ല്സംഭരണം അവസാന ഘട്ടത്തോടടുക്കുമ്പോള് കര്ഷകര്ക്ക് ലഭിച്ചത് 200 കോടി രൂപ. 236 കോടി മൂല്യം വരുന്ന നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ ഭൂരിഭാഗം തുകയാണ് കര്ഷകര്ക്ക് ലഭ്യമാക്കിയത്. അതേസമയം ഏപ്രില് മുപ്പതിനകം മില്ലുകളില് സ്വീകരിച്ച നെല്ലിന്റെ മുഴുവന് വിലയും വായ്പയായി അനുവദിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്തും ജില്ലയില്‍ നെല്ല് സംഭരണം സമ്പൂര്‍ണ വിജയമാണെന്നതിന് ഉദാഹരണമാണ് കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ തുക ലഭ്യമാക്കിയത്.
മെയ് 30 നകം നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സപ്ലൈകോ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നെല്ല് സംഭരണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം ടണ്‍ നെല്ല് വരെ സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കും.

ജില്ലയില്‍ 19000 ഹെക്ടറിലാണ് (47500 ഏക്കര്‍) നെല്ല് സംഭരിക്കുന്നത്. ഇതില്‍ 9000 ഹെക്ടര്‍ വരുന്ന കോള്‍ ഇതര മേഖലകളില്‍ മുഴുവനും കൊയ്ത്തു കഴിഞ്ഞു നെല്ല് സംഭരിച്ചിട്ടുണ്ട്. 25000 ഏക്കര്‍ (10000 ഹെക്ടര്‍) വരുന്ന കോള്‍ മേഖലയില്‍ 23790 ഏക്കറിലും സംഭരണം പൂര്‍ത്തിയാകുന്നു. 1253 ഏക്കര്‍ മാത്രമാണ് കൊയ്ത്തു കഴിഞ്ഞ് നെല്ല് സംഭരിക്കാനുള്ളത്. കാട്ടകാമ്പല്‍ (150 ഏക്കര്‍), കാറളം(200 ഏക്കര്‍), കാട്ടൂര്‍( 25 ഏക്കര്‍), പുന്നയൂര്‍ക്കുളം (350 ഏക്കര്‍), കാടുകുറ്റി (നാല് ഏക്കര്‍), നെന്മണിക്കര (30 ഏക്കര്‍), വരന്തരപ്പിള്ളി (13 ഏക്കര്‍) എന്നിവയ്ക്കുപുറമേ മുല്ലശ്ശേരി, അരിമ്പൂര്‍, ചാഴൂര്‍, തോളൂര്‍ എന്നിവിടങ്ങളിലുള്ള കോള്‍ ഡബിള്‍ (456 ഏക്കര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി നെല്ല് സംഭരിക്കാനുള്ളത്.
ഇതിലാണ് 236 കോടി മൂല്യം വരുന്ന 83895 ടണ്‍ നെല്ല് സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചത്. ചാലക്കുടി-5139, ചാവക്കാട്-10634, കൊടുങ്ങല്ലൂര്‍-326, മുകുന്ദപുരം-7628, തൃശ്ശൂര്‍- 26053, തലപ്പിള്ളി-34113 എന്നിങ്ങനെയാണ് ഇത് വരെയായി സംഭരിച്ചതിന്റെ കണക്ക്. 42323 പേരാണ് ഇതുവരെയായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
Share your comments