പാലക്കാട്: ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സഹകരണസംഘം പ്രസിഡന്റ് - സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു. സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനത്തില്‍ കുറയാതെ നെല്ല് അരിയാക്കി സര്‍ക്കാരിന് തിരികെ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഇത് പാലിക്കേണ്ടതുണ്ടെന്ന് സഹകരണ സംഘം പ്രതിനിധികളോട് മന്ത്രിമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ല് സംഭരണതുക ഉടന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവര്‍ പറഞ്ഞു. 17 ശതമാനത്തിന് മുകളില്‍ ഈര്‍പ്പമുള്ള നെല്ലിന്റെ സംഭരണം സംബന്ധിച്ച് സഹകരണ സംഘങ്ങള്‍ മില്ലുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭരിച്ച നെല്ലിന്റെ തുക പി.ആര്‍.എസ് റെസിപ്റ്റിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കും. എത്ര കര്‍ഷകരില്‍ നിന്ന് എത്ര നെല്ല് സംഭരിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ സംഘങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന മുറയ്ക്ക് ഒരു മാസത്തിനകം സഹകരണ സംഘങ്ങള്‍ക് തുക കൈമാറുമെന്ന് മന്ത്രി കെ. കൃഷണന്‍കുട്ടി പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എത്ര പ്രാഥമിക സഹകരണ സംഘങ്ങള്‍ സന്നദ്ധരാണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ആറ് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. നെല്ല് അരിയാക്കാന്‍ സൗകര്യമില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് മറ്റ് സംഘങ്ങളുമായി കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രതിവിധി കണ്ടെത്താം. അരിയാക്കാന്‍ പറ്റാത്ത സഹകരണ സംഘങ്ങളുള്ള മേഖലകളിലെ നെല്ല് സപ്ലൈക്കോ നേരിട്ട് സംഭരിക്കും. ഗോഡൗണ്‍ സൗകര്യം ഉറപ്പാക്കുക, സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയുണ്ടാതെ നെല്ലെടുക്കാന്‍ സൗകര്യമുണ്ടാക്കുക, ചണച്ചാക്കുകള്‍ ലഭ്യമാക്കുക, പ്ലാസ്റ്റിക് ചാക്കിന് പകരം ചണച്ചാക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സഹകരണസംഘം പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 18 ന് സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്‍, സപ്ലൈകോ ആര്‍.എം, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, വിവിധ സഹകരണ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments