സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് വ്യവസായവുമായി പാകിസ്ഥാൻ സർക്കാർ. സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള മാർഗമായി കഞ്ചാവിൻ്റെ ഔഷധ ഉപയോഗം നിയമവിധേയമാക്കി, കഞ്ചാവും അതിൻ്റെ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ രാജ്യത്തിന് വഴിയൊരുക്കിയാണ് ഈ അതിശയകരമായ നീക്കം നടത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ കഞ്ചാവ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അതോറിറ്റി (Cannabis Control and Regulatory Authority - CCRA) രൂപീകരിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ, രഹസ്യാന്വേഷണ ഏജൻസികൾ, സ്വകാര്യ മേഖല എന്നിവയിൽ നിന്നുള്ള 13 അംഗങ്ങൾ CCRA യിൽ ഉൾപ്പെടുന്നുണ്ട്. അതോറിറ്റിയുടെ ഉത്തരവ് പ്രകാരം വ്യാവസായിക ആവശ്യങ്ങൾക്കായുള്ള കഞ്ചാവ് കൃഷി, സത്ത് വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപന തുടങ്ങിയവയുടെ നിയന്ത്രണങ്ങളാണ് ഉൾപ്പെടുത്തിരിയിരുന്നത്. 2020ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലയളവിലാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാനുള്ള നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത്.
രാജ്യത്തിൻറെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് 2022 മെയ് മുതൽ പാകിസ്ഥാൻ അഭിമുഖീകരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ആഗോളതലത്തിൽ കഞ്ചാവിന്റേയും അതിൻ്റെ ഉത്പന്നങ്ങളുടെയും കയറ്റുമതി വ്യവസായത്തിലൂടെ അതിനെ മറികടക്കാനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. അഞ്ച് വർഷത്തേക്കായിരിക്കും കഞ്ചാവ് കൃഷിയ്ക്ക് ലൈസൻസ് നൽകുക. നിയമാനുസൃതമായ കഞ്ചാവ് കൃഷിയ്ക്ക് അംഗീകൃതസ്ഥലങ്ങൾ നിർണ്ണയിക്കുന്നതു തുടങ്ങിയ കാര്യങ്ങളിൽ ഏക അധികാരം പാകിസ്ഥാൻ സർക്കാരിനു മാത്രമായിരിക്കും.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും കഞ്ചാവ് കൃഷി നടത്തുക. ദുരുപയോഗം ചെയ്യുന്നതിനും വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നതിനും കർശനമായ പിഴ ഈടാക്കും. അനധികൃതമായി കഞ്ചാവ് കൈവശം വയക്കുന്നവരിൽ നിന്ന് പത്തു ലക്ഷം മുതൽ ഒരു കോടി രൂപ വരെയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനികൾക്ക് പാകിസ്ഥാൻ ഒരു കോടി മുതൽ ഇരുപത് കോടി വരെയും കനത്ത പിഴ ചുമത്തും.
Share your comments