സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല(Complete digital banking district)യായി പത്തനംതിട്ടയെ (Pathanamthitta) തെരഞ്ഞെടുത്തു. ആന്റോ ആന്റണി എംപി പത്തനംതിട്ടയെ ഡിജിറ്റൽ ബാങ്കിങ് ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റലൈസേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജൂണില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു.
വിദ്യാഭ്യാസ വായ്പ- ബാങ്കുകളുടെ കടുംപിടുത്തം ഉപേക്ഷിക്കണം
ജില്ലയിലെ ബാങ്കിങ് മേഖലയില്‍ കൈവരിച്ച നേട്ടത്തിന് ബാങ്കിങ് സ്ഥാപനങ്ങളെ ആന്റോ ആന്റണി എംപി അഭിനന്ദിച്ചു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും എംപി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ വായ്പ അപേക്ഷയില്‍ തീരുമാനം നീണ്ടു പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ബാങ്കുകള്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജില്ലതല ബാങ്കിംഗ് അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കണം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച കാനറ ബാങ്കിനെ എംപി അഭിനന്ദിച്ചു.
പത്തനംതിട്ടയെ സംരംഭകത്വ ജില്ലയായി മാറ്റുന്നതിനായി ബാങ്കുകളുടെ ഭാഗത്ത് നിന്നും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും എംപി പറഞ്ഞു. ജില്ല കൈവരിച്ച സമ്പൂര്‍ണ ബാങ്കിങ് ഡിജിറ്റലൈസേഷന്‍ നേട്ടത്തിലൂടെ മറ്റ് മേഖലകളിലും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി സാധ്യമാകുമെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
വിദ്യാഭ്യാസ വായ്പാ അദാലത്ത് നവംബര്‍ ആദ്യത്തോടെ ജില്ലയില്‍ നടത്തും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ബാങ്കുകള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പദ്ധതികളും പിന്തുണയും അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം 2046 കോടി രൂപ മുന്‍ഗണന വായ്പകള്‍ നല്‍കി. കാര്‍ഷിക വായ്പ വിതരണം 34 ശതമാനവും വ്യാവസായിക വായ്പകള്‍ 56 ശതമാനവും വിതരണം ചെയ്തു. ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 55200 കോടി രൂപയും ആകെ വായ്പകള്‍ 15580 കോടി രൂപയും വായ്പ നിക്ഷേപ അനുപാതം 28.22 ശതമാനവും ആണ്.
ആര്‍ ബി ഐ ലീഡ് ജില്ലാ ഓഫീസര്‍ മിനി ബാലകൃഷ്ണന്‍, നബാര്‍ഡ് ഡിഡിഎം റെജി വര്‍ഗീസ്, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്ബിഐ ആര്‍എഎസ്എംഇസി എജിഎം സ്വപ്നരാജ്, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഓണം പോലെ നമ്മുടെ അയൽപക്കത്തും പൂക്കളുടെ ഒരുത്സവം; കേട്ടിട്ടുണ്ടോ?
Share your comments