
1. വിവിധ ഘട്ടങ്ങളിലായി വെറ്ററിനറി മൊബൈൽ യൂണിറ്റുകൾ സംസ്ഥാന വ്യാപകമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെയും മൊബൈൽ സർജറി യൂണിറ്റുകളുടെയും ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഉദ്ഘാടനകർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് 2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായിട്ടാണ് റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.
2. പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, പട്ടിക ജാതി ഉപപദ്ധതി പ്രകാരം ഏവർക്കും സമീകൃത ഭക്ഷണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെ പോഷക തോട്ട പദ്ധതി നടപ്പിലാക്കി. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ പൂതക്കുഴി ഐ.സി.ഡി.എസ്. അംഗനവാടിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെർട്ടിക്കൽ ന്യൂട്രീഷൻ ഗാർഡൻ യൂണിറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ശശിധരൻപിള്ള കെ. ബി നിർവഹിച്ചു. കുറഞ്ഞ സ്ഥലപരിധിയിൽ കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാൻ സാധ്യമാകുന്ന വിധത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തംഗം ശ്രീമതി ബിജി ബെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി.കെ. മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ. സി.പി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈകൾ, വിവിധ വിത്തിനങ്ങൾ, പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോ ബാഗുകൾ, ജൈവവളം, സ്പ്രേയറുകൾ തുടങ്ങിയ ഉത്പാദനോപാധികളും വിതരണം ചെയ്തു.
3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് നാലാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം പകൽ താപനില ഉയരാനും സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 38°C വരെയും; കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Share your comments