ദില്ലി: പേടിഎമ്മുമായി കൈകോർത്ത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് എൽഐസി പേടിഎമ്മിനെ നിയമിച്ചിട്ടുള്ളത്.കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഡിജിറ്റൽ പേയ്‌മെന്റുകളിൽ കുതിപ്പുണ്ടായതാണ് എൽഐസിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്.
നേരത്തെ മറ്റൊരു പേയ്‌മെന്റ് കമ്പനിയുമായി എൽഐസി കരാറിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പേയ്‌മെന്റുകൾ ഡിജിറ്റൽ മോഡുകളിലേക്ക് മാറുന്നതിനായി പേടിഎമ്മുമായി പുതിയ കരാർ ഒപ്പുവെക്കുന്നത്. പുതിയ കരാറിന് സുഗമമായ പേയ്‌മെന്റ് എളുപ്പത്തിലാക്കുക, പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാക്കുക, പേയ്‌മെന്റ് ചാനലുകളിൽ കൂടുതൽ പങ്കാളികളെ (ബാങ്കുകൾ, വാലറ്റുകൾ മുതലായവ) ചേർക്കുക എന്നിവ ആവശ്യമാണ്. ഇതിന് വേണ്ടിയാണ് പേടിഎമ്മുമായി കൈകോർത്തിട്ടുള്ളത്.
അതേസമയം എൽഐസിയുമായി കരാറുണ്ടാക്കുന്നതിനായി 17 ഓളം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ലേലത്തിൽ പങ്കെടുത്തതെന്നാണ് എൽഐസിയോടടുത്ത വൃത്തങ്ങൾ അറിയിച്ചത്.
യുപിഐ അല്ലെങ്കിൽ കാർഡ് പേയ്‌മെന്റ് സേവനങ്ങൾ നൽകാനുള്ള പേടിഎമ്മിന്റെ കഴിവാണ് എൽഐസിയുമായുള്ള കരാറിന് അനുകൂലമായത്.
ഡിജിറ്റൽ പേയ്മെന്റായി 60,000 കോടി രൂപ പ്രീമിയം കളക്ഷനാണ് എൽഐസിയ്ക്ക് ലഭിച്ചത്. ബാങ്കുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുറമേ ആണിത്. ഏകദേശം 8 കോടി ഡിജിറ്റൽ ഇടപാടുകളും ഇക്കാലയളവിൽ എൽഐസിയിൽ നടന്നിട്ടുണ്ട്.
ഡിജിറ്റൽ പേയ്മെന്റിന്റെ എണ്ണം കുത്തനെ ഉയരുമെന്നും എൽഐസി പ്രതീക്ഷിക്കുന്നു. പ്രീമിയം പേയ്‌മെന്റുകൾക്ക് മാത്രമല്ല, ഇൻഷുറൻസ് ഏജന്റുമാർ ശേഖരിക്കുന്ന പണമടയ്ക്കൽ ഉൾപ്പെടെ എല്ലാത്തരം ശേഖരണങ്ങൾക്കും എൽഐസി ഒരു അന്തിമ പരിഹാരം തേടിയിരുന്നു. ഇതാണ് ഡിജിറ്റൽ പേയ്മെന്റിലേക്ക് എത്തിയിട്ടുള്ളത്.
Share your comments