1. പ്രതിമാസം 9,250 രൂപ പെൻഷൻ നേടാൻ സാധിക്കുന്ന പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി വയവന്ദന യോജന. LIC നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചേരാൻ സാധിക്കും. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 2022 മാർച്ച് 31ന് അവസാനിക്കും. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 1,000 രൂപയാണ്. കാലാവധിക്ക് മുമ്പ് പണം പിൻവലിക്കുന്നവർക്ക് നിക്ഷേപ തുകയുടെ 98 ശതമാനം തിരികെ ലഭിക്കും. നിക്ഷേപം മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. എൽഐസി വഴി ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം. 10 വർഷമാണ് പദ്ധതിയുടെ കാലാവധി.
കൂടുതൽ വാർത്തകൾ: 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും മാർച്ച് മുതൽ: ഭക്ഷ്യമന്ത്രി
2. കേരളത്തിലെ കർഷകരുടെ പ്രാദേശിക ഉൽപന്നങ്ങൾ ഇനിമുതൽ ആകർഷകമായ പാക്കറ്റുകളിൽ വിപണിയിൽ ലഭിക്കും. ഇതിന്റെ ഭാഗമായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി സംസ്ഥാന കൃഷിവകുപ്പ് ധാരണാ പത്രം ഒപ്പിട്ടു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 കാർഷിക പ്രദർശനത്തിന്റെ വേദിയിൽ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഉത്പന്നങ്ങൾ പാഴായി പോകാതെ കൂടുതൽ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, ഉല്പാദന സംസ്‌കരണ വിപണന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം മൂല്യവർദ്ധിത പ്രവർത്തനങ്ങൾ സഹായിക്കും.
3. കാർഷിക മേഖലയിൽ പുത്തനുണർവ് നൽകാൻ കാക്കൂര്‍ കാളവയലിനെ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാക്കൂര്‍ കാളവയല്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും കന്നുകാലി പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാം ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനം മുന്നോട്ട്‌പോകുന്നതെന്നും, സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കാക്കൂര്‍ കാളവയലിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു. കാർഷികകർമസേനയുടെ നേതൃത്വത്തിൽ കുടുംബശ്രീയുമായി സംയോജിച്ച് പഞ്ചായത്തിലെ 16വാർഡുകളിലായി 15,0000 തൈകളാണ് വിതരണം ചെയ്യുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി പി.പി നിർവഹിച്ചു. എല്ലാ വീട്ടിലും പച്ചക്കറി തൈകൾ എത്തിക്കുക, പച്ചക്കറി കൃഷിയിൽ പരമാവധി കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സ്വയം പര്യാപ്തത നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
5. സംസ്ഥാനത്ത് പലയിടങ്ങളിലും ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ റേഷൻ വിതരണം തടസപ്പെട്ടു. മാസാവസാനം കൂടിയായതിനാൽ റേഷൻ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇ-പോസ് മെഷീൻ നിലച്ചതോടെ നിരവധി പേർ റേഷൻ വാങ്ങാതെയാണ് മടങ്ങിയത്. കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത്. കോഴിക്കോട് ജില്ലയിലെ മുഴുവൻ കടകളിലെയും ഇപോസ് മെഷീൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ പ്രവർത്തിച്ചിരുന്നില്ല. പലയിടത്തും ഫോണിലേക്ക് ഒടിപി വരുന്നതിനും തടസം നേരിടുന്നുണ്ട്.
6. കാട്ടാന ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് വയനാട് നൂൽപുഴ പഞ്ചായത്തിലെ കർഷകർ. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് നൂൽപുഴയിലെ ചന്ദനംചിറ മേഖല. കവുങ്ങ്, തെങ്ങ്, കാപ്പി, കുരുമുളക് തുടങ്ങി എല്ലാ കൃഷിയിടങ്ങളും കാട്ടാനകൾ കൂട്ടത്തോടെയെത്തി വ്യാപകമായി നശിപ്പിക്കുകയാണെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കർഷകർ ആരോപിക്കുന്നു.
7. കർഷകർക്ക് ആശ്വാസമേകി കാപ്പിവില ഉയരുന്നു. വിളവെടുപ്പ് സീസൺ അവസാനിക്കാറായതോടെ ഇഞ്ചി, ചേന, അടയ്ക്ക തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില ഉയരുകയാണ്. എന്നാൽ പ്രതീക്ഷ നൽകിയ കുരുമുളക്, റബ്ബർ, നേന്ത്രക്കായ എന്നിവയുടെ വിലയിൽ വലിയ പുരോഗതിയില്ല. കഴിഞ്ഞ കുറച്ച് നാളുകളായി കാപ്പിയുടെ വില കുത്തനെ കുറയുകയായിരുന്നു. ക്വിന്റലിന് 6000 രൂപ വരെ കിട്ടിയിരുന്ന കാപ്പിയ്ക്ക് ഇപ്പോൾ 11,000 രൂപയാണ് വില ലഭിക്കുന്നത്.
8. ഒഡീഷ അഗ്രികൾച്ചറൽ ആൻഡ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ ഭുവനേശ്വറിൽ നടക്കുന്ന കർഷക മേള ഇന്ന് സമാപിക്കും. കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും വ്യവസായികളെയും പിന്തുണയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതോടൊപ്പം നിരവധി കാർഷിക സംരംഭങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിലധികം കർഷകരാണ് ആദ്യദിനം മേള സന്ദർശിച്ചത്. ഗവേഷണ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനായി, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ 11 സ്ഥാപനങ്ങളുമായി സർവകലാശാല ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
9. മസ്കത്തിൽ കൊഞ്ച് സീസൺ ആരംഭിക്കുന്നു. മത്സ്യത്തൊഴിലാളികളും കമ്പനികളും ലോബ്സ്റ്ററിന്റെ അളവ് രജിസ്റ്റർ ചെയ്യണമെന്നും, അല്ലെങ്കിൽ സീസൺ അവസാനിക്കുമ്പോൾ ലോബ്സ്റ്റർ വ്യാപാരവും കയറ്റുമതിയും ചെയ്യാൻ അനുവദിക്കില്ലെന്നും ജലവിഭവ മന്ത്രാലയം അറിയിപ്പ് നൽകി. മാർച്ച് 1 മുതൽ മേയ് 31വരെയാണ് സുൽത്താനേറ്റിലെ ലോബ്സ്റ്റർ മത്സ്യബന്ധന സീസൺ. ജൂൺ മുതൽ ഫെബ്രുവരി വരെ രാജ്യത്ത് കൊഞ്ച് പിടിക്കുന്നതിന് വിലക്കുണ്ട്.
10. കേരളത്തിൽ കനത്ത ചൂട് തുടരുന്നു. പകൽ സമയങ്ങളിൽ മിക്ക ജില്ലകളിലും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് താപനില രേഖപ്പെടുത്തി. വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.
Share your comments