വയനാട്ടില്‍ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ഇലകള്‍ പഴുത്തുണങ്ങി തണ്ട് കരിഞ്ഞ് മൂപ്പെത്താതെ പൊള്ളായി കൊഴിഞ്ഞു വീണതോടെ കുരുമുളകു കര്‍ഷകർ ദുരിതത്തിലായിരിക്കുകയാണ്. പ്രചിപ്പിക്കുന്നു.പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള എട്ട് ലക്ഷത്തോളം കുരുമുളക് വള്ളികളും 1252 ഹെക്ടര്‍ സ്ഥലത്തെ 13 ലക്ഷം തൈ കൊടികളും നശിച്ചതായാണ് പ്രാഥമിക കണക്ക്.സംസ്ഥാനത്തെ 40 ശതമാനം കുരുമുളക് കൃഷിയാണ് നശിച്ചതെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വയനാട്ടിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. വയനാട്ടില്‍ 90 ശതമാനത്തില്‍ കൂടുതല്‍ നാശമുണ്ടായതായി സര്‍ക്കാര്‍ കണക്കുകൾ സൂചിപ്പിക്കുന്നു.
വയനാട്ടില്‍ 1990-കളില്‍ 30,660 ഹെക്ടര്‍ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നത് 2017-ലെ കണക്കനുസരിച്ച് 9,600 ഹെക്ടറായി കുറഞ്ഞു. 2004-ല്‍ 13,978 ടണ്‍ ഉല്പാദനമുണ്ടായിരുന്നത് 2010-ല്‍ 2,431 ടണ്ണായും 2017-ല്‍ 1,500 ടണ്ണായും കുത്തനെ കുറഞ്ഞു. രോഗബാധ കടുത്ത ഭീഷണിയായതോടെ ഇത്തവണ വയനാട്ടിൽ കുരുമുളക് ഉല്പാദനം ആയിരം ടണ്ണിലും കുറയുമെന്നാണ് ആശങ്ക. അങ്ങനെയാണങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്പാദന നഷ്ടമായിരിക്കും ഇത്തവണ ഉണ്ടാവുക.
കുരമുളക് വള്ളികള്‍ക്കുള്ള രോഗബാധക്കു മുമ്പേ വന്‍തോതില്‍ കീടബാധയേറ്റ് താങ്ങുമരങ്ങളായ മുരിക്കുകളും നശിച്ചിരുന്നു. കുറഞ്ഞ ഉല്പാദന ക്ഷമത, നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്‌കരണ സംവിധാനങ്ങളുടെ പരിമിതി, സാങ്കേതിക ജ്ഞാനക്കുറവ് തുടങ്ങിയ വെല്ലുവിളികളും നിലവില്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്. ഇതിനിടെയാണ് പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റവും ഇരുട്ടടിയായത്. കുരുമുളക് കൃഷിക്കാവശ്യമായ താപനില 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും മഴയുടെ തോത് 125 സെന്റിമീറ്റര്‍ മുതല്‍ 200 സെന്റിമീറ്റര്‍ വരെയുമാണ്. ഇതില്‍ വലിയ വ്യത്യാസമുണ്ടായാല്‍ ഉല്പാദനത്തെ സാരമായി ബാധിക്കും.
Share your comments