കൈതച്ചക്ക കൃഷിയിൽ കീടനാശിനിയും പ്രത്യേക രാസവളങ്ങളും രാസവസ്തുക്കളും ഉപയോഗിക്കുന്നതിൽ പ്രത്യേക നിയമാവലികളും നിയന്ത്രണങ്ങളും വരുന്നു. കീടനാശിനികളും രാസവളങ്ങളും ചില ഹോർമോണുകളും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതിനെതിരേയുള്ള ജൈവവൈവിധ്യ ബോർഡിന്റെ റിപ്പോർട്ടുപ്രകാരം കൃഷിവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് എല്ലാ കൈതച്ചക്ക കർഷകരും കൃഷിഭവനിൽ രജിസ്റ്റർചെയ്യണം. കുറഞ്ഞത് 25 സെന്റ് സ്ഥലം സ്വന്തമായി വേണം. വ്യക്തികൾ ചേർന്നു വിവിധ ക്ലസ്റ്ററുകളായി കൃഷിചെയ്യാം. എല്ലാവരും ജി.എ.പി. (ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടീസ്) സർട്ടിഫിക്കറ്റ് വാങ്ങണം. ഓരോ കർഷകനും ഫാംഡയറി സൂക്ഷിക്കണം. ക്ലസ്റ്ററുകളെ ഒരുവർഷം ഒരാൾ നയിക്കണം.
കീടനാശിനികളും രാസവസ്തുക്കളും രാസവളങ്ങളും ഹോർമോണുകളും എങ്ങനെ, എത്ര അളവിൽ, എത്രതവണ എന്നതിൽ കിടനാശിനി നിർമാതാക്കളും വിതരണക്കാരും കർഷകർക്ക് അറിവ് നൽകണം.
കൃഷിഭവനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്ലസ്റ്ററിൽനിന്ന് കർഷകരുടെ ഒരു കമ്മിറ്റി ഉണ്ടാക്കണം. ഇതിൽ ഒരു പീർഗ്രൂപ്പ് പരിശീലനം, പ്രചാരണം, ബോധവത്കരണം എന്നിവയ്ക്ക് നേതൃത്വം നൽകണം. രണ്ടാഴ്ചകൂടുമ്പോൾ ഈ ഗ്രൂപ്പ് ക്ലസ്റ്ററിൽപ്പെട്ട കൃഷിക്കാരുടെ സ്ഥലം സന്ദർശിക്കണം.
Share your comments